പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങി; ബജറ്റ് നാളെ

ന്യൂഡല്‍ഹി: പണഞെരുക്കം സൃഷ്ടിച്ച കടുത്ത മുരടിപ്പിന്‍െറയും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ബഹളങ്ങളില്ലാത്ത സഭാ നടത്തിപ്പിന് സഹകരണം തേടി സര്‍ക്കാര്‍ തിങ്കളാഴ്ച വിളിച്ച സര്‍വകക്ഷി യോഗം പൊളിഞ്ഞതോടെ സമ്മേളനം പ്രക്ഷുബ്ധമാവുമെന്ന് ഉറപ്പായി.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രപതിയുടെ പ്രസംഗവും ബജറ്റ് അവതരണവും ഉള്‍പ്പെടുന്ന ആദ്യത്തെ രണ്ട് സമ്മേളനദിനങ്ങളും ബഹിഷ്കരിക്കും.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യസഭ, ലോക്സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ ചൊവ്വാഴ്ച രാവിലെ 11ന് സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ധനരംഗത്തെ ദിശ വെളിപ്പെടുത്തുന്ന നടപ്പുവര്‍ഷത്തെ സാമ്പത്തിക സര്‍വേ ചൊവ്വാഴ്ചതന്നെ പാര്‍ലമെന്‍റില്‍ വെക്കും. ബുധനാഴ്ച രാവിലെ 11ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.

92 വര്‍ഷമായി തുടര്‍ന്ന രീതി അവസാനിപ്പിച്ച് റെയില്‍വേ ബജറ്റു കൂടി ഉള്‍ച്ചേര്‍ത്ത പൊതുബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ഫെബ്രുവരി അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്നരീതിയും മാറ്റി. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍, പതിവുവിട്ട് ഒരുമാസം മുമ്പേ ബജറ്റ് അവതരിപ്പിക്കുന്നതിനെ സര്‍ക്കാറും ലോക്സഭ സ്പീക്കറും വെവ്വേറെ വിളിച്ച സര്‍വകക്ഷി യോഗങ്ങളില്‍ പ്രതിപക്ഷം ചോദ്യം ചെയ്തു.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബജറ്റ് നേരത്തേ അവതരിപ്പിക്കുന്ന സര്‍ക്കാറിനെ വിലക്കാന്‍ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
പണഞെരുക്കം മാറ്റുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്ത പ്രശ്നത്തിനൊപ്പം, രണ്ട് പാര്‍ട്ടി എം.പിമാരെ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ അകത്താക്കിയതിലുള്ള പ്രതിഷേധം കൂടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍േറത്.

മൂന്നുമാസം പിന്നിടാറാവുമ്പോഴും നോട്ടുറേഷന്‍ പിന്‍വലിക്കാത്തത് അടക്കം സര്‍ക്കാര്‍ പിഴവ് പ്രതിപക്ഷം ഒന്നാകെ ചോദ്യം ചെയ്യുന്നു.
പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നോട്ടുവിഷയം വീണ്ടും ചൂടുപിടിക്കും. ശീതകാല പാര്‍ലമെന്‍റ് സമ്മേളനം ഈ വിഷയത്തില്‍ തട്ടി പൂര്‍ണമായി മുടങ്ങിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും വീണ്ടും ഉന്നയിച്ചിട്ടുണ്ട്.

ബജറ്റ് നേരത്തെയാക്കുന്നത് ശാസ്ത്രീയമല്ളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സാമ്പത്തിക വര്‍ഷത്തിന്‍െറ മൂന്നാംപാദ കണക്കുകള്‍ ഫെബ്രുവരി പകുതിയോടെ മാത്രമാണ് കിട്ടുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.  എന്നാല്‍, ബജറ്റ് നേരത്തേ അവതരിപ്പിച്ചാല്‍ സാമ്പത്തിക വര്‍ഷാരംഭം തന്നെ പദ്ധതി നടത്തിപ്പിലേക്ക് കടക്കാമെന്നാണ് സര്‍ക്കാര്‍ വാദം.

 

Tags:    
News Summary - parliment meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.