'പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല'; സൂഫി സമ്മേളനത്തിലെ രഹസ്യ അജണ്ട തുറന്നുകാട്ടി പ്രതിനിധികള്‍

ന്യൂഡൽഹി: ജൂലൈ 30ന് ഡൽഹിയിൽ നടന്ന ആള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ഇന്റർഫെയ്ത്ത് കോണ്‍ഫറന്‍സ് സംഘാടകരുടെ രഹസ്യ അജണ്ട തുറന്നുകാട്ടി പരിപാടിയിൽ പങ്കെടുത്ത പ്രതിനിധികൾ തന്നെ രംഗത്ത്. കേന്ദ്ര സർക്കാറിന്‍റെ അജണ്ടക്കനുസരിച്ചാണ് സംഘാടകർ പ്രവർത്തിച്ചതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. സാമുദായിക സൗഹാർദം വളർത്താനെന്ന പേരിൽ തങ്ങളെ ക്ഷണിച്ചുവരുത്തി കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കിയത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സൂഫി മതമേലധ്യക്ഷന്മാര്‍ പ്രമേയം പാസ്സാക്കിയെന്ന വാർത്തയും അടിസ്ഥാനരഹിതമാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന പ്രമേയമോ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ഒരു പരാമര്‍ശമോ യോഗത്തിലുണ്ടായിട്ടില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് സമ്മേളനം പ്രമേയം പാസ്സാക്കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്തത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. ഇതിനെതിരേയാണ് പ്രതിനിധികള്‍ രംഗത്തുവന്നിരിക്കുന്നത്.

സംഘാടകരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിനിധികളിലൊരാളായ ശ്രീ സ്വാമി സാരംഗ് രംഗത്തെത്തി. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും അങ്ങനെയൊരു പ്രമേയം യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുമത നേതാക്കളെ യോഗത്തിൽ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്ന വ്യക്തിയായിട്ടുപോലും സമ്മേളനത്തില്‍ സംസാരിക്കാനുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് സ്വാമി സാരംഗ് പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെതിരേ എപ്പോള്‍, എവിടെയാണ് പ്രമേയം പാസാക്കിയതെന്ന് തനിക്ക് അറിയില്ല. അടച്ചിട്ട മുറിക്കുള്ളിലായിരിക്കാം അത്തരമൊരു പ്രമേയം ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പോപുലര്‍ ഫ്രണ്ട് വിശേഷിപ്പിക്കുന്ന പോലെ താന്‍ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഏജന്റല്ലെന്നും സ്വാമി സാരംഗ് പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതനായ സയ്യിദ് സല്‍മാന്‍ നദ്വിയുടെ അഭിപ്രായമാണ് തനിക്കെന്നും സ്വാമി സാരംഗ് പ്രസ്താവിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിലെ പ്രസംഗകരില്‍ ഒരാളായിരുന്നു സല്‍മാന്‍ നദ്വി. പ്രമേയത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടശേഷം, നിരോധനമെന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലെന്ന അഭിപ്രായത്തോടെ അദ്ദേഹം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. സമ്മേളനത്തില്‍ ഒരു പ്രമേയവും പാസാക്കിയിട്ടില്ലെന്നും ആർ.എസ്.എസ്സിനെയോ വി.എച്ച്.പിയെയോ മാത്രമല്ല ഒരു സംഘടനയെയും നിരോധിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും വിഡിയോയില്‍ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, തബ്ലീഗി ജമാഅത്ത്, ആർ.എസ്.എസ്, ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവ നിരോധിക്കണമെന്ന ആവശ്യത്തോടും തന്റെ അഭിപ്രായം ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു പ്രതിനിധി പ്രഫ. മൊഹ്സിന്‍ ഉസ്മാനി നദ്വിയും സ്വാമി സാരംഗിന്റെയും സല്‍മാന്‍ നദ്വിയുടെയും അഭിപ്രായങ്ങളോട് യോജിച്ചു. സമ്മേളനത്തിൽ തന്നെയും സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഞാന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നു; രാജ്യത്തെ നിലവിലെ അപകടകരമായ വര്‍ഗീയ സാഹചര്യത്തില്‍നിന്ന് എങ്ങനെ കരകയറാം എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങള്‍ പങ്കിടാമെന്ന പ്രതീക്ഷയിലാണ് സമ്മേളനത്തിന് പോയത്'- അദ്ദേഹം പറഞ്ഞു. മൗലാന സല്‍മാന്‍ നദ്വിയാണ് പ്രഫ. ഉസ്മാനിയെ സമ്മേളനത്തിന് ക്ഷണിച്ചതത്രെ.

സൂഫി കൗണ്‍സിലിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്നും സല്‍മാന്‍ നദ്വി വിളിച്ചതുകൊണ്ട് അവിശ്വസിച്ചില്ലെന്നും സംഘാടകർക്ക് ഇത്തരത്തിൽ രഹസ്യ അജണ്ടയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ യോഗത്തില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടില്ലെന്ന കാര്യം അദ്ദേഹവും ഉറപ്പിച്ചുപറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പ്രമേയം പാസ്സാക്കിയെന്ന റിപ്പോർട്ടുകൾ വലിയ വിവാദമായിരുന്നു. പോപുലര്‍ ഫ്രണ്ട് നേതാക്കളും ഇതിനെതിരേ രംഗത്തുവന്നു. ആർ.എസ്.എസ് അനുകൂലികളാണ് സൂഫികളെന്ന പേരില്‍ യോഗം വിളിച്ചുചേര്‍ത്തതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് ആരോപിച്ചു. ഓള്‍ ഇന്ത്യ സൂഫി സജ്ജദാനശിന്‍ കൗണ്‍സില്‍ ചില സൂഫി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തി ദര്‍ഗ അജ്മീറിലെ ദിവാനായിരുന്ന സയ്യിദ് സൈനുല്‍ ആബെദീന്റെ മകനാണ് കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് നസീറുദ്ദീന്‍ ചിഷ്തി. 1955ലെ ദര്‍ഗാ ഖ്വാജാ സാഹിബ് നിയമം അനുസരിച്ച്, ദിവാന് മതപരമായ സ്ഥാനമൊന്നുമില്ല. മറിച്ച് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Participants expose Sajjadanashin Council’s interfaith conference’s hidden agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.