ഹൈദരാബാദ്: തെലങ്കാനയിൽ നവംബർ 30ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തെലുഗുദേശം പാർട്ടി തീരുമാനിച്ചതോടെ പാർട്ടി അനുഭാവികളുടെ വോട്ട് പിടിക്കാൻ തന്ത്രവുമായി ഇതര കക്ഷികൾ. അടുത്തിടെ ജയിലിൽനിന്ന് മോചിതനായ ടി.ഡി.പി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിനെ പ്രശംസിച്ചുകൊണ്ടാണ് മറ്റ് പാർട്ടികൾ രംഗത്തെത്തിയിരിക്കുന്നത്.
വൈദഗ്ധ്യ വികസന കോർപറേഷനിലെ ഫണ്ട് ദുരുപയോഗം ചെയ്ത് സംസ്ഥാന ഖജനാവിന് 300 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിൽ അറസ്റ്റിലായ നായിഡു 53 ദിവസത്തെ ജയിൽവാസത്തിനുശേഷം ഒക്ടോബർ 31നാണ് രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 3.5 ശതമാനം വോട്ടും രണ്ട് സീറ്റുകളുമാണ് ടി.ഡി.പി നേടിയത്. എന്നാൽ, ഇത്തവണ മത്സരിക്കാത്തതിന്റെ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല.
നായിഡുവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സെപ്റ്റംബർ 14ന് തന്നെ അപലപിച്ചതാണെന്ന് ആന്ധ്ര അതിർത്തിയോട് ചേർന്ന ഖമ്മത്തുനിന്ന് മത്സരിക്കുന്ന ബി.ആർ.എസ് മന്ത്രി പി. അജയ്കുമാർ പറഞ്ഞു.തന്റെ പിതാവിന് നായിഡുവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും എല്ലാ ദിവസവും അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായിഡുവിന്റെ ജയിൽ മോചനത്തെ ഖമ്മത്തുനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി തുമ്മാല നാഗേശ്വര റാവുവും പ്രശംസിച്ചു. നായിഡുവിന്റെ ശിക്ഷണത്തിലാണ് താൻ വളർന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തെത്തുടർന്ന് ടി.ഡി.പി തെലങ്കാന അധ്യക്ഷൻ കസാനി ജ്ഞാനേശ്വർ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.