ബെയ്ജിങ്: ചൈനയിൽ 20ാമത് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഞായറാഴ്ച മുതൽ നടക്കും. പാർട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് മാത്രം ഇളവ് നൽകും. മൂന്നാം തവണയും രാജ്യത്തിന്റെ പ്രസിഡന്റാകാൻ അദ്ദേഹത്തിന് പാർട്ടി കോൺഗ്രസ് അനുമതി നൽകുമെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകിയ വാർത്തസമ്മേളനത്തിൽ വക്താവ് സുൻ യേലി ഷി ജിൻപിങ് തുടരുന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. ഒരാഴ്ചത്തെ പാർട്ടി കോൺഗ്രസിൽ 2296 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഷി ജിൻപിങ്ങിന്റെ അപ്രമാദിത്വം വെളിപ്പെട്ട സമ്മേളനത്തിനാണ് ബെയ്ജിങ് വേദിയാകുന്നത്. അടച്ചിട്ട ഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ അജണ്ട നിശ്ചയിച്ചത് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിലാണ്. പ്രായപരിധിയുടെയും പത്തുവർഷ കാലാവധിയുടെയും പേരിൽ പല പ്രമുഖ നേതാക്കൾക്കും പുറത്തേക്ക് വഴിയൊരുങ്ങുമ്പോൾ 69കാരനായ ഷിക്ക് വെല്ലുവിളിയില്ല.
മന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണിക്ക് പാർട്ടി കോൺഗ്രസ് നിർദേശം നൽകിയേക്കും. രണ്ടാമത്തെ പ്രമുഖ നേതാവ് ലി കെക്വിയാങ്, വിദേശകാര്യ മന്ത്രി വാങ് യി തുടങ്ങിയവർക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് സൂചന.
കൂട്ടായ നേതൃത്വം ഉറപ്പുവരുത്താനും അപ്രമാദിത്വം ഇല്ലാതിരിക്കാനും 1976ൽ പാർട്ടി നേതാവ് മാവോ സേതുങ്ങിന്റെ മരണത്തിനുശേഷം 10 വർഷത്തിലേറെ തുടർച്ചയായി ആരെയും നേതൃസ്ഥാനത്തിരുത്താറില്ല. ഈ പതിവാണ് 2012ൽ ചുമതലയേറ്റ ഷി ജിൻപിങ് തിരുത്താനൊരുങ്ങുന്നത്.
കടുത്ത കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും രാജ്യത്ത് അപൂർവമായ പ്രതിഷേധത്തിന് വകവെച്ച പശ്ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന സാമ്പത്തിക മാന്ദ്യത്തെയും അഭിമുഖീകരിക്കുന്നു. തൊഴിലില്ലായ്മ 19 ശതമാനമെന്ന റെക്കോഡ് ഉയരത്തിലാണ്.
സമൂഹ മാധ്യമങ്ങളിലും ചിലയിടത്ത് തെരുവിലും പ്രതിഷേധ ബാനറുകൾ കാണാം. ഇരുമ്പുമറ ഭരണത്തിനു കീഴിൽ പൊതുവെ പ്രതിഷേധത്തിന് ആളുകൾ ധൈര്യപ്പെടാറില്ല. കർശന സുരക്ഷ നടപടികളാണ് തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഏർപ്പെടുത്തിയത്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി കോൺഗ്രസിലാണ് കമ്യൂണിസ്റ്റ് പാർട്ടി ആശയപരവും തന്ത്രപരവുമായ ആലോചനകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.