ന്യൂഡൽഹി: നിയമവിരുദ്ധമായി തകർത്ത പ്രയാഗ്രാജിലെ വീട് പുനർനിർമിച്ചു നൽകണമെന്നും അതുവരെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വീട് ഒരുക്കി തരണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ ഭാര്യ പർവീൻ ഫാത്തിമ അലഹാബാദ് ഹൈകോടതിയിലെത്തി. പിതാവ് തനിക്ക് സമ്മാനിച്ച വീട് തകർത്തത് മൂലമുണ്ടായ നഷ്ടത്തിനും അന്തസിടിച്ചതിനും നഷ്ടപരിഹാരം നൽകണമെന്നും നിയമവിരുദ്ധ നടപടിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
പ്രയാഗ്രാജ് ജില്ല ഭരണകൂടത്തിനും പ്രയാഗ്രാജ് വികസന അതോറിറ്റിക്കുമെതിരെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാവ് അഫ്രീൻ ഫാത്തിമയുടെ മാതാവ് കൂടിയായ പർവീൻ ഫാത്തിമ ഹൈകോടതിയിലെത്തിയത്. വീടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്‍റെ കൈവശമുണ്ടായിരിക്കേയാണ് ഒരു നോട്ടീസ് പോലും നൽകാതെ അത് തകർത്തതെന്ന് ഫാത്തിമ ബോധിപ്പിച്ചു.
പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുക പോലും ചെയ്യാത്ത ജാവേദിനെ അതിന്‍റെ സംഘാടകനാണെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഫാത്തിമയെയും ഇളയ മകൾ സുമയ്യയെയും 30 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വെച്ച ശേഷമായിരുന്നു വീട് തകർത്തത്. വീട് നിർമാണത്തിനുള്ള പ്ലാനിന് അനുമതി നൽകിയിട്ടില്ലെന്ന അതോറിറ്റിയുടെ ആരോപണം സത്യമല്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒരു നോട്ടീസ് പോലും നൽകാത്തതിനാൽ ഇത്തരമൊരു ആരോപണത്തിന് മറുപടി നൽകാനുമായില്ല. വീട്ടുനികുതിയും വെള്ളക്കരവും വൈദ്യുതി ബില്ലും പതിവായി അടച്ചുകൊണ്ടിരിക്കുന്നുണ്ട്.
പ്രവാചക നിന്ദക്കെതിരെ പ്രയാഗ്രാജിൽ നടന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ പങ്കാളിയല്ലാത്ത ജാവേദ് മുഹമ്മദിനെ അതിൽ പ്രതിയാക്കി അദ്ദേഹത്തിന്‍റെ വീടാണെന്ന് പറഞ്ഞാണ് തന്‍റെ വീട് തകർത്തത്. എഫ്.ഐ.ആറിൽ ജാവേദിന്‍റെ പേരുൾപ്പെടുത്തിയ പൊലീസ് അക്കാരണം കൊണ്ട് മാത്രമാണ് വീട് തകർത്തത്. അദ്ദേഹം വീട്ടുടമസ്ഥനല്ലാതിരിക്കേ അദ്ദേഹത്തിന്‍റെ പേരിൽ നോട്ടീസ് നൽകിയാണിത് ചെയ്തത്. കല്ലേറിന്‍റെ പേരിൽ പൊലീസ് നടത്തിയ നിയമവിരുദ്ധമായ വീടു തകർക്കൽ മുസ്ലിം ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നുവെന്നും പർവീൻ ഫാത്തിമ ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.