പാട്ന: ബിഹാറിൽ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയിൽ വൻ പൊട്ടിത്തെറി. പാർട്ടി ദേശീയ പ്രസിഡന്‍റും എം.പിയുമായ ചിരാഗ് പാസ്വാനെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന അഞ്ച് എം.പിമാർ എതിർപക്ഷത്തായി. ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കാൻ അനുമതി തേടിയ വിമതർ, നേതാവായി ചിരാഗ് പാസ്വാന്‍റെ പിതൃസഹോദരൻ കൂടിയായ ഹാജിപൂർ എം.പി പശുപതി കുമാർ പരസിനെ തെരഞ്ഞെടുത്തു. ആകെ ആറ് എം.പിമാരാണ് പാർട്ടിക്കുള്ളത്. ഇതിൽ അഞ്ച് പേരും ചിരാഗിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്.
ചിരാഗ് പാസ്വാനെ ലോക്സഭയിൽ പാർട്ടി നേതാവ് സ്ഥാനത്തുനിന്ന് നീക്കുകയെന്നത് അഞ്ച് എം.പിമാരുടെയും താൽപര്യമായിരുന്നെന്ന് പശുപതി കുമാർ പരസ് പറഞ്ഞു. പാർട്ടിയെ പിളർത്തുകയല്ല, സംരക്ഷിക്കുകയാണ് ഞങ്ങൾ ചെയ്തത്. ചിരാഗ് പാസ്വാനെതിരെ തനിക്ക് മാത്രമായി പ്രത്യേക എതിർപ്പൊന്നുമില്ലെന്നും പശുപതി കുമാർ പരസ് പറഞ്ഞു.
പശുപതി കുമാറിനെ കൂടാതെ ചൗധരി മെഹബൂബ് അലി കൈസർ, വീണ ദേവി, പ്രിൻസ് രാജ്, ചന്ദൻ സിങ് എന്നിവരാണ് ഇന്നലെ വൈകീട്ട് ലോക്സഭ സ്പീക്കർ ഓം ബിർലയെ കണ്ടത്. എൻ.ഡി.എയുടെ ഭാഗമായി എൽ.ജെ.പി പ്രവർത്തിക്കുമെന്ന് പറഞ്ഞതായി ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് നീക്കങ്ങൾക്കു പിന്നിലെ ശക്തിയെന്നാണ് പറയപ്പെടുന്നത്. പശുപതി നാഥ് പരസിന് കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്നാണ് അഭ്യൂഹം. എൽ.ജെ.പിക്കുള്ളിൽ ചിരാഗിനെതിരെയുണ്ടായിരുന്ന അതൃപ്തി മുതലെടുത്ത് നിതീഷ് കുമാർ തന്ത്രം മെനയുകയായിരുന്നു.
മുൻ കേന്ദ്ര മന്ത്രി കൂടിയായ രാംവിലാസ് പാസ്വാന്‍റെ മരണ ശേഷമാണ് മകൻ ചിരാഗ് പാസ്വാൻ എൽ.ജെ.പി നേതൃത്വം ഏറ്റെടുത്തത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിന് പല മണ്ഡലങ്ങളിലും കനത്ത തിരിച്ചടി നൽകിയത് എൽ.ജെ.പിയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ സഖ്യം വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തുകയായിരുന്നു.
അതേസമയം, നിലവിലെ സംഭവവികാസങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു. പക്ഷേ, പുതിയ മാറ്റം ബി.ജെ.പിക്കും ജെ.ഡി.യുവിനും ഗുണകരമാണെന്ന് ഒരു പാർട്ടി നേതാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.