അഗർത്തല: വിമാന യാത്രയ്ക്കിടെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. 180 യാത്രക്കാരുമായി വ്യാഴാഴ്ച ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ-457 വിമാനത്തിലാണ് സംഭവം. ബിശ്വജിത് ദേബ്നാഥാ അറസ്റ്റിലായത്.
എമർജൻസി വാതിലിനോട് ചേർന്ന് ഇരുന്ന ബിശ്വജിത് വിമാനം പറക്കുന്നതിനിടെ അത് തുറക്കാൻ ശ്രമിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന യാത്രക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. ഫ്ലൈറ്റ് അറ്റൻഡന്റുകളും തടയാൻ ശ്രമിച്ചെങ്കിലും പിൻതിരിയാൻ കൂട്ടാക്കിയില്ല. ഇതോടെ വിമാനത്തിലെ യാത്രക്കാർ പരിഭ്രാന്തരായി. സഹയാത്രികർ ഇടപെട്ട് ഇയാളെ സീറ്റിലേക്ക് പിടിച്ചിരുത്തി. തുടർന്ന് വിമാനം അഗർത്തല വിമാനത്താവളത്തിലെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഗുളികകളുടെ ലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അധികൃതർ പറയുന്നു.
ബുധനാഴ്ച പുലർച്ചെ ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. സംഭവത്തിൽ മണികണ്ഠൻ എന്നയാളെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. സംഭവത്തിൽ കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.