ന്യൂഡൽഹി: ലക്ഷദ്വീപിലേക്ക് സർവിസ് നടത്തിയിരുന്ന മുഴുവൻ യാത്രാകപ്പലുകളും അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് രാജ്യസഭ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ശൂന്യവേളയിൽ മുസിലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബ് വിഷയം അവതരിപ്പിച്ചപ്പോൾ മറ്റു അംഗങ്ങളും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തുവരികയായിരുന്നു.
കൂടുതൽ രാജ്യസഭാ അംഗങ്ങൾ വഹാബിനെ പിന്തുണക്കുന്നത് കണ്ട് ലക്ഷദ്വീപിലേക്ക് പോകാനല്ല, കപ്പലുകൾ പുനഃസ്ഥാപിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്ന ചെയർമാൻ വെങ്കയ്യ നായിഡുവിന്‍റെ അഭിപ്രായ പ്രകടനം സഭയിൽ കൂട്ടച്ചിരി പടർത്തി. രണ്ടിനും കുടിയാണെന്നും തങ്ങൾക്ക് ലക്ഷദ്വീപിലേക്ക് പോകേണ്ടതുണ്ടെന്നും അംഗങ്ങൾ ഇതിന് മറുപടി നൽകി. എം.പിമാർക്ക് പ്രത്യേക നിരക്ക് ഉണ്ടാവില്ലെന്നും സാധാരണ ടിക്കറ്റ് എടുത്ത് പോകേണ്ടി വരുമെന്നും നായിഡു പ്രതികരിക്കുകയും ചെയ്തു.
നേരത്തെ ലക്ഷദ്വീപിലേക്ക് ഏഴ് യാത്ര കപ്പലുകളുണ്ടായിരുന്നുവെന്നും പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതോടെ അത് ഒന്നാക്കി ചുരുക്കിയെന്നും വഹാബ് സഭയെ അറിയിച്ചു. ബേപ്പൂരിൽനിന്ന് സർവിസ് നടത്തിയിരുന്ന അമിനി ദ്വീപ്, മിനിക്കോയ് ദ്വീപ് എന്ന രണ്ടു കപ്പലുകളും ഒരു നോട്ടിസ് പോലുമില്ലാതെ സേവനം നിർത്തിവച്ചു. എം.വി കവരത്തി എന്ന 700 പേരെ ഉൾകൊള്ളുന്ന കപ്പൽ ഇടവേളയില്ലാതെ സർവിസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരികയും തീ പിടിക്കുകയും ചെയ്തു. ഇതുമൂലം 650ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം നടുക്കടലിൽ ഒരു സഹായവുമില്ലാതെ കുടുങ്ങി.
ഇത്തരം സംഭവങ്ങൾക്ക് ശേഷവും എം.വി കോറൽസ്, എം.വി ലഗൂൺസ് എന്നീ രണ്ട് കപ്പലുകളാണ് സർവിസ് നടത്താൻ ആരംഭിച്ചത്. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുമുള്ള ഈ കപ്പലുകൾ ഏഴ് കപ്പലുകളിൽ യാത്ര ചെയ്തിരുന്ന ആളുകൾക്ക് എങ്ങിനെ മതിയാകുമെന്ന് വഹാബ് ചോദിച്ചു.
കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി. 100 ശതമാനമാണ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായത്. ലക്ഷദ്വീപ് നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് ഇത് ബാധിക്കുന്നത്.
കപ്പലുകളുടെ കുറവ് മൂലം ലക്ഷദ്വീപ് നിവാസികൾ കൊച്ചിയിൽ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. ലക്ഷദ്വീപിൽനിന്ന് തിരിച്ച് കേരളത്തിലേക്ക് വരാനും വയ്യാത്തത് വിനോദ സഞ്ചാര വ്യവസായത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ദിവസങ്ങളോളം കാത്തുനിന്ന് ടിക്കറ്റ് എടുക്കുക എന്നത് വിനോദസഞ്ചാരികൾക്ക് പ്രയാസകരമാണ്. എത്രയും പെട്ടെന്ന് അഞ്ച് കപ്പലുകൾ എങ്കിലും പുനഃസ്ഥാപിച്ച് പൂർവ സ്ഥിതിയിലാക്കണമെന്നും അതിൽ രണ്ട് സർവിസുകൾ ബേപ്പൂരിൽനിന്നും മൂന്നെണ്ണം കൊച്ചിയിൽനിന്നും വേണമെന്നും വഹാബ് ആവശ്യപ്പെട്ടു.
കപ്പൽ അപകടത്തിൽ പെടുന്ന സാഹചര്യമുണ്ടായാൽ ഉടനെ ജീവൻ രക്ഷ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ദ്രുതപ്രതികരണ സംഘത്തെ നിയമിക്കുക, ടിക്കറ്റ് നിരക്കിലെ വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങളും വഹാബ് ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.