അനധികൃത മതം മാറ്റം; യു.പിയിൽ പാസ്റ്റർമാർ അടക്കം 13 പേർ പിടിയിൽ

ലഖ്‌നോ: ഉത്തർപ്രദേശ് സീതാപൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 13 പേരെ അറസ്റ്റ് ചെയ്തു. തൽഗാവിൽ, ഒരു പാസ്റ്ററും അയാളുടെ അഞ്ച് കൂട്ടാളികളും അറസ്റ്റിലായി. രാംപൂർ മഥുരയിൽ, അറസ്റ്റിനെ എതിർത്ത ഒരു കൂട്ടം സ്ത്രീകളും പൊലീസ് സംഘവും തമ്മിൽ ഏറ്റുമുട്ടി. ഇവിടെ ഒരു പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മിസ്രിഖിൽ സമാനമായ കുറ്റത്തിന് നാല് പേർ കൂടി അറസ്റ്റിലായി. അതേസമയം, തമ്പൂരിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം വരെ അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

മുകേഷ്, ഹൻസ്‌രാജ്, സോനു, ശിവകുമാർ, രാം ഭാട്ടി എന്നിവരാണ് മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലായി അറസ്റ്റിലായത്. പ്യാരേറാം, ബുദ്ധസാഗർ, സീമ, രാം കുമാർ, ജിതേന്ദ്ര കുമാർ, രമേഷ് ബാബു, ദീപു ഗൗർ, ഗുഡ്ഡു എന്നിവരും അറസ്റ്റിലായി.

2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം, കലാപം, ആക്രമണം, ക്രിമിനൽ ബലപ്രയോഗം, പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽനിന്ന് തടയൽ എന്നിവക്കെതിരെയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ഒരാഴ്‌ച മുമ്പ്‌ സീതാപൂർ ജില്ലയിൽ നിന്നുതന്നെ ഒരു പാസ്റ്റർ ഉൾപ്പെടെ പത്തുപേരെ അറസ്‌റ്റ് ചെയ്‌തതിന്റെ തുടർച്ചയായാണ്‌ ഈ അറസ്‌റ്റ്‌.

തൽഗാവ്, മിഷ്‌രിഖ്, രാംപൂർ മഥുര എന്നിവിടങ്ങളിൽ ജോലിയും പണവും വിവാഹവും വാഗ്ദാനം ചെയ്ത് ഒരു സംഘം ആളുകൾ തങ്ങളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നതായി ഗ്രാമവാസികളിൽ നിന്ന് പരാതി ലഭിച്ചതായി സീതാപൂർ അഡീഷണൽ എസ്.പി നരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. തമ്പൂരിൽ രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സദർപൂരിൽ നിന്ന് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റർ ഡേവിഡ് അസ്താനയെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സംഘടനക്ക് ലഭിച്ച വിദേശ ഫണ്ടുകൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Pastors, others held in religious conversion case in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.