ന്യൂഡൽഹി: 2014 തൊട്ട് പാർലമെന്റിന്റെ ഇരുസഭകളിലും നരേന്ദ്ര മോദി സർക്കാറിനും ബി.ജെ.പിക്കുമൊപ്പം നിന്ന ഒഡിഷയിലെ ബിജു ജനതാദൾ ഇതാദ്യമായി ഇൻഡ്യക്കൊപ്പം രാജ്യസഭ ബഹിഷ്‍കരിച്ചിറങ്ങി. ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്ന ഒഡിഷ ബി.ജെ.പി തൂത്തുവാരിയതിന് പിന്നാലെയാണ് മനംമാറ്റം.
എൻ.ഡി.എയുടെ ഭാഗമല്ലെങ്കിലും മുൻകാലങ്ങളിൽ ഇരുസഭകളിലും മോദി സർക്കാറിനൊപ്പം നിൽക്കുന്ന നിലപാടായിരുന്നു ബി.ജെ.ഡിക്ക്. എന്നാൽ, നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യസഭയിൽ വെള്ളിയാഴ്ച കോൺഗ്രസ് വനിത എം.പി കുഴഞ്ഞുവീണ ശേഷവും നന്ദിപ്രമേയ ചർച്ചയുമായി ചെയർമാൻ മുന്നോട്ടുപോയതിൽ പ്രതിഷേധിച്ച് ഉച്ചക്ക് ശേഷം ഇൻഡ്യ മുന്നണി സഭ ബഹിഷ്കരിച്ചപ്പോൾ ബി.ജെ.ഡി അംഗങ്ങളും ഒപ്പം ചേർന്നു.
രാജ്യസഭയിലുണ്ടായിരുന്ന എല്ലാ ബി.ജെ.ഡി എം.പിമാരും സഭ വിട്ടിറങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യസഭയിൽ രണ്ട് മാറ്റങ്ങൾ ഉണ്ടായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ബി.ജെ.ഡി ഇൻഡ്യ മുന്നണിക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നതും പ്രധാനമന്ത്രി സഭയിൽ വരുമ്പോൾ മോദി, മോദി മുദ്രാവാക്യ വിളി ഇല്ലാതിരുന്നതുമാണ് ആ മാറ്റങ്ങളെന്ന് ജയ്റാം രമേശ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.