പേ-ടിഎമ്മിന്‍െറ പരാതിയില്‍ സി.ബി.ഐക്ക് അമിതാവേശം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം ഡിജിറ്റല്‍ വ്യാപാരത്തില്‍ തഴച്ചുവളര്‍ന്ന പേ-ടിഎം കമ്പനി ഇടപാടുകാര്‍ സാമ്പത്തിക ക്രമക്കേടു കാട്ടിയെന്ന് ആരോപിച്ചു നല്‍കിയ പരാതിയില്‍ വീണ്ടും സി.ബി.ഐ അന്വേഷണം. പേ-ടിഎം നല്‍കിയ കേസുകള്‍ അന്വേഷിക്കുന്നതിന് സി.ബി.ഐ പ്രത്യേക താല്‍പര്യം കാണിക്കുന്നത് ഇതോടെ സംശയാസ്പദമായി.

പേ-ടിഎം സ്വകാര്യ ഡിജിറ്റല്‍ വാലറ്റ് കമ്പനിയാണ്. അവര്‍ തട്ടിപ്പിന് ഇരയാകുന്നതു വഴി  ഖജനാവിന് നഷ്ടമുണ്ടാകുന്നില്ല. ഇതിനിടയില്‍ തന്നെയാണ് പൊലീസിനു പകരം, സി.ബി.ഐ തന്നെ കേസ് ഏറ്റെടുക്കുന്നത്.

ഡിജിറ്റല്‍ പേമെന്‍റില്‍ പിശകു പറ്റിയതിനാല്‍ പണം തിരിച്ചുകിട്ടണമെന്ന തെറ്റായ ആവശ്യം ഉന്നയിച്ച് കമ്പനിയെ ഇടപാടുകാരന്‍ കബളിപ്പിച്ചുവെന്നാണ് പേ-ടിഎമ്മിന്‍െറ പരാതി. 15 പേര്‍ക്കെതിരെ 6.15 ലക്ഷം രൂപയുടെ വഞ്ചന കേസാണ് ഇവര്‍ സി.ബി.ഐക്ക് നല്‍കിയത്. അതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, തിരിമറി എന്നിവക്കെതിരെയും ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. അതിനു പിന്നാലെ പുതിയ ഏഴു പരാതികള്‍ കൂടിയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ സാമ്പത്തിക, ക്രിമിനല്‍ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് വേണ്ടത്ര അന്വേഷണ ഉദ്യോഗസ്ഥരില്ളെന്നും ഏറ്റെടുക്കുന്ന കേസുകളില്‍പോലും യഥാസമയം അന്വേഷണം പൂര്‍ത്തിയാക്കാനാകുന്നില്ളെന്നുമുള്ള ആവലാതികള്‍ക്കിടയിലാണ് പേ-ടിഎം നല്‍കിയ പരാതികള്‍ സി.ബി.ഐ നേരിട്ട് ഏറ്റെടുക്കുന്നത്.

നോട്ട് അസാധുവാക്കിയശേഷം കോടികള്‍ പരസ്യത്തിന് ചെലവിട്ടാണ് പേ-ടിഎം ബിസിനസ് വളര്‍ത്തുന്നത്.
മോദിയുടെ ചിത്രവും ‘എ.ടി.എം നഹി, പേ ടി.എം കരോ’ എന്ന വാചകവുമായി ഇറങ്ങിയ പരസ്യങ്ങള്‍ തന്നെ അവിഹിത സ്വാധീനത്തെ സൂചിപ്പിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു.

 

Tags:    
News Summary - Paytm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.