ന്യൂഡൽഹി: പെഗസസ് കേസിൽ സർക്കാർ നിർദേശിച്ച സമിതിയല്ല, സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി എന്തുകൊണ്ട് രൂപവത്കരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത് ഇങ്ങനെയാണ്:
സ്വകാര്യതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം കവർന്നതിനാൽ അന്വേഷണം ആവശ്യമാണ്. കടുത്ത ആഘാതം സൃഷ്ടിക്കുന്ന സംഭവം ജനങ്ങളെ മുഴുവൻ ബാധിക്കുന്നതാണ്.തങ്ങൾ എന്തുചെയ്തുവെന്ന് സർക്കാർ വ്യക്തമാക്കുന്നില്ല.വിദേശരാജ്യങ്ങളുടെ ആരോപണങ്ങളും വിദേശകക്ഷികളുടെ പങ്കാളിത്തവും ഗൗരവം വർധിപ്പിക്കുന്നു.ജനങ്ങളെ നിരീക്ഷിക്കുന്നതിന് വിദേശ സംവിധാനത്തെയോ സ്വകാര്യ സ്ഥാപനത്തെയോ ഉൾപ്പെടുത്തിയിരിക്കാനുള്ള സാധ്യത.സ്വകാര്യതക്കുള്ള ജനാവകാശം നിഷേധിക്കുന്നതിൽ കേന്ദ്രസർക്കാറോ സംസ്ഥാന സർക്കാറുകളോ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യം.വസ്തുത കണ്ടെത്താൻ കോടതിവ്യവഹാരത്തിനുള്ള പരിമിതി. അന്വേഷണത്തിെൻറ ഭാഗമായി ഏത് ഉദ്യോഗസ്ഥനെയും രേഖകളും വിളിച്ചുവരുത്താൻ സമിതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ എതിർകക്ഷിയാണെന്നിരിക്കേ, നീതിന്യായ തത്ത്വപ്രകാരം പക്ഷപാതിത്വം ഒഴിവാക്കാനാണ് പ്രത്യേക സമിതി രൂപവത്കരിക്കുന്നത്. ദേശസുരക്ഷയെന്നാൽ നീതിപീഠം ഒഴിഞ്ഞുമാറുന്ന ഒന്നായി മാറാൻ പാടില്ല. കോടതിയെ കാഴ്ചക്കാരാക്കാതെ കേസിൽ കേന്ദ്രത്തിന് നിലപാട് വിശദീകരിക്കാമായിരുന്നു. കേന്ദ്രം വ്യക്തമായ വിവരം നൽകിയിരുന്നെങ്കിൽ കോടതിയുടെ ഭാരം കുറഞ്ഞേനെ. 'രഹസ്യം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളിൽ നിന്നുതന്നെ അത് ഒളിച്ചുവെക്കണ'മെന്ന ജോർജ് ഓർവലിെൻറ വരികളും കോടതി ഉദ്ധരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.