ന്യൂഡൽഹി: ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗസസ് ഇന്ത്യ വാങ്ങിയെന്ന വെളിപ്പെടുത്തൽ മോദിസർക്കാറിനെ പ്രതിക്കൂട്ടിലാക്കി കത്തിപ്പടരുന്നു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ച കേന്ദ്രത്തിനും വിവര-സാങ്കേതിക മന്ത്രി അശ്വനി വൈഷ്ണവിനുമെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതിയിൽ. എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയെ സമീപിച്ചു.
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രായേൽ സന്ദർശനത്തിനൊപ്പം മുന്നോട്ടുനീക്കിയ 200 കോടി ഡോളറിന്റെ ആയുധ ഇടപാടിനൊപ്പം പെഗസസും വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ന്യൂയോർക് ടൈംസ് പത്രമാണ് വെളിപ്പെടുത്തിയത്. ഫലസ്തീനെതിരെ യു.എൻ സമിതിയിൽ ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഈ ഇടപാട് സഹായകമായെന്ന സൂചനയും പത്രം നൽകി. സംഭവം വലിയ ഒച്ചപ്പാട് ഉയർത്തിയെങ്കിലും കേന്ദ്ര സർക്കാർ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടയിലാണ് പുതിയ നീക്കങ്ങൾ.
സ്വന്തം പൗരന്മാരെ നിരീക്ഷിക്കാൻ ഖജനാവിൽനിന്ന് ചെലവിട്ട പണം തിരിച്ചുപിടിക്കണമെന്നും ഇതിനായി കേസെടുക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹർലാൽ ശർമയാണ് സുപ്രീംകോടതിയിൽ എത്തിയത്. കേന്ദ്ര സർക്കാർ പെഗസസ് വാങ്ങി ഉപയോഗിച്ചോ എന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ സുപ്രീംകോടതിയെ സമീപിച്ചവരിൽ ഒരാൾകൂടിയാണ് മനോഹർലാൽ ശർമ.
സുപ്രീംകോടതി നിർദേശപ്രകാരം പെഗസസ് വിഷയം റിട്ട. ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി അന്വേഷിക്കുന്നുണ്ട്. ന്യൂയോർക് ടൈംസ് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണംകൂടി നടക്കണമെന്നും കേന്ദ്ര സർക്കാറിൽനിന്ന് മറുപടി തേടണമെന്നുമാണ് സമിതിയെ സമീപിച്ച എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടത്. പത്രറിപ്പോർട്ട് ആശങ്ക ഉയർത്തുന്നതാണെന്ന് ഗിൽഡ് ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഔപചാരിക നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 30ാം വാർഷികത്തിൽ ആശംസയർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തുവന്നു. പെഗസസ് ചാര സോഫ്റ്റ്വെയറിന്റെ ഏതെങ്കിലും നൂതന പതിപ്പ് തങ്ങളുടെ കൈവശമുണ്ടോയെന്ന് ഇസ്രായേലിനോട് ചോദിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ജനാധിപത്യത്തെ കശാപ്പുചെയ്യാൻ എന്തിനും മടിക്കാത്ത ഭരണകൂടമാണ് തങ്ങളെന്ന് മോദിസർക്കാർ തെളിയിച്ചുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.