ന്യൂഡൽഹി: പെഗസസ് അന്വേഷണത്തിൽ കേന്ദ്ര സർക്കാർ സഹകരിച്ചില്ലെന്ന് ജസ്റ്റിസ് രവീന്ദ്രൻ അധ്യക്ഷനായ സുപ്രീംകോടതി സമിതി റിപ്പോർട്ട്. തങ്ങൾ പരിശോധിച്ച 29 മൊബൈൽ ഫോണുകളിൽ അഞ്ചെണ്ണത്തിൽ ചാരവൃത്തി നടന്നിട്ടുണ്ടെന്നും എന്നാൽ, അതിന് ഉപയോഗിച്ചത് ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ 'പെഗസസ്' ആണോ എന്ന് പറയാനാവില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് തുറന്നത്. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനും രാജ്യത്തിന്റെ സൈബർ സുരക്ഷക്കും നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് സമിതി ശിപാർശ ചെയ്തു.
'നിങ്ങൾ സുപ്രീംകോടതിയിൽ ചെയ്തതുതന്നെയാണ് സമിതിക്ക് മുമ്പാകെയും ചെയ്തത്' എന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ കേന്ദ്ര സർക്കാറിന്റെ നിസ്സഹകരണം വെളിപ്പെടുത്തി സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ നോക്കി പറഞ്ഞു. സാങ്കേതിക സമിതിയുടെ രണ്ട് റിപ്പോർട്ടുകളും മേൽനോട്ട സമിതിയുടെ ഒരു റിപ്പോർട്ടും അടക്കം സുപ്രീംകോടതി നിയോഗിച്ച സമിതി സമർപ്പിച്ച ബൃഹത്തായ റിപ്പോർട്ടിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഈ റിപ്പോർട്ട് കോടതിയിൽ തുറന്ന ചീഫ് ജസ്റ്റിസ് അതിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ചു. ശിപാർശകൾ അടങ്ങുന്ന മേൽനോട്ട സമിതിയുടെ മൂന്നാംഭാഗം പൊതുജനങ്ങൾക്കായി സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു. റിപ്പോർട്ട് പൂർണമായും പുറത്തുവിടരുതെന്ന് സമിതി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ള സാങ്കേതിക വിവരങ്ങൾ അടങ്ങുന്ന ആദ്യത്തെ രണ്ട് ഭാഗങ്ങളുടെ പകർപ്പ് തങ്ങൾക്ക് വേണമെന്ന് പരിശോധനക്കായി ഫോൺ നൽകിയ ഒരാൾക്കായി അഡ്വ. വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടു. പരിശോധന ഫലം നൽകരുതെന്ന് മൊബൈൽഫോൺ നൽകിയവർ സമിതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എന്നാൽ, തന്റെ കക്ഷി അതാവശ്യപ്പെട്ടിരിക്കുകയാണെന്ന് വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം പരിശോധിച്ച് സുപ്രീംകോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി.
നിങ്ങൾക്ക് മുമ്പാകെയാണ് മുദ്രവെച്ച റിപ്പോർട്ട് പൊട്ടിക്കുന്നത്. അത് പൂർണമായും വായിക്കാതെ കുടുതൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നില്ല. വെള്ളിയാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് അതിന് ശേഷം തന്റെ അഭിപ്രായം പറയുമെന്നും കൂട്ടിച്ചേർത്തു. തുടർന്ന് നാലാഴ്ചക്ക് ശേഷം പരിഗണിക്കാനായി കേസ് മാറ്റിവെച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്ര മന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ, സുപ്രീംകോടതി രജിസ്ട്രാറുമാർ, മുൻ സുപ്രീംകോടതി ജഡ്ജി, മുൻ അറ്റോണി ജനറലിന്റെ അടുത്ത സഹായി, 40ാളം മാധ്യമപ്രവർത്തകർ എന്നിവരടക്കം 142 ഇന്ത്യക്കാരുടെ മൊബൈൽ ഫോണുകളിൽ സർക്കാറുകൾക്ക് മാത്രം വാങ്ങാൻ കിട്ടുന്ന ഇസ്രായേൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരവൃത്തി നടത്തിയെന്ന് പ്രമുഖ മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആംനസ്റ്റി ഇൻറർനാഷനൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ചാരവൃത്തി നടന്നതായി സ്ഥിരീകരിച്ചു. ഇത് വൻ രാഷ്ട്രീയവിവാദമായതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് ആർ.വി. രവീന്ദ്രന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.