ന്യൂഡൽഹി: പെഗസസ് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻറിെൻറ ഇരുസഭകളും തുടർച്ചയായി സ്തംഭിപ്പിച്ചു. അതേസമയം സഭ ക്രമത്തിലാകണമെന്ന ചട്ടം പാലിക്കാതെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദി സർക്കാർ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്തു.
ബഹളത്തിനിടെ ചർച്ചയില്ലാതെ നാളികേര വികസന ബോർഡ് ഭേദഗതി ബില്ലും ഫാക്ടറിങ് ഭേദഗതി ബില്ലും രാജ്യസഭ പാസാക്കി. ചാരവൃത്തിക്കെതിരായ പ്ലക്കാർഡുകളുമായി പ്രതിപക്ഷം ഇരുസഭകളുടെയും നടുത്തളത്തിൽ മുദ്രാവാക്യം വിളി തുടർന്നു. പെഗസസ് ചാരവൃത്തിയിൽ ആദ്യം ചർച്ച നടത്തിയിട്ടു മതി മറ്റ് അജണ്ടകൾ എന്ന് 14 പാർട്ടികൾ സംയുക്തമായി തീരുമാനിച്ച സാഹചര്യത്തിൽ കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയും രാജ്യസഭയിലെ കക്ഷി നേതാവ് പിയൂഷ് ഗോയലും പ്രതിപക്ഷ നേതാക്കളെ കണ്ടു. വ്യാഴാഴ്ച സർക്കാർ അജണ്ടയിൽ വെച്ച ബില്ലുകൾ പാസാക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പ്രതിപക്ഷം നിലപാട് മാറ്റില്ലെന്ന് അറിയിച്ചു.
പെഗസസ് വിഷയം ചർച്ച ചെയ്യണമെന്ന് മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആ ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഹാജരാകുകയും വേണം. എങ്കിൽ സഭ സുഗമമായി നടക്കും. തങ്ങൾ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതോടെ പെഗസസിൽ പ്രതിപക്ഷ നീക്കത്തിന് ചുക്കാൻ പിടിച്ച രാഹുലിനെ കടന്നാക്രമിച്ച മന്ത്രി പ്രൾഹാദ് ജോഷി, പ്രശ്നമല്ലാത്ത ഒരു വിഷയമാണ് പ്രശ്നമാക്കിയിരിക്കുന്നതെന്ന് അവകാശപ്പെട്ടു. ആയിരക്കണക്കിനാളുകളെ ലോകത്തൊന്നാകെ ചാരവൃത്തിക്കിരയാക്കാൻ കഴിയുമോ എന്ന് ചോദിച്ച മന്ത്രി ജോഷി രാഹുൽ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിനു തന്നെ അറിയില്ലെന്നും കുറ്റപ്പെടുത്തി. പക്വതയില്ലാതെ സംസാരിക്കുന്നതാണ് രാഹുലിെൻറ അടിസ്ഥാന പ്രശ്നമെന്നും ജോഷി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.