ന്യൂഡൽഹി: സുരക്ഷ, രഹസ്യാന്വേഷണ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവർ സർവിസ് അനുഭവവും പഴയകാല സംഭവങ്ങളും ഏതെങ്കിലും രൂപത്തിൽ പരസ്യപ്പെടുത്തിയാൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യാൻ പാകത്തിൽ സിവിൽ സർവിസസ് (പെൻഷൻ) ഭേദഗതി ചട്ടം പുതുക്കി വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ.
അനുഭവപരിചയം മുൻനിർത്തി പുസ്തകമോ ലേഖനമോ എഴുതുന്നതിനും ചാനൽ ചർച്ചകളിൽ സംസാരിക്കുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ സ്വാതന്ത്ര്യത്തോടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനും വിലക്കുവീഴുന്നതാണ് ഇപ്പോൾ ഇറക്കിയ വിജ്ഞാപനം. ഇത് ഭാവിയിൽ എല്ലാവർക്കും ബാധകമാക്കാമെന്ന ആശങ്കയിലാണ് മുൻ കേന്ദ്രസർക്കാർ ജീവനക്കാർ.
സിവിൽ സർവിസസ് പെൻഷൻ ചട്ടത്തിലെ എട്ടാം വകുപ്പിലാണ് ഭേദഗതി എഴുതിച്ചേർത്തത്. പ്രവർത്തിച്ച സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതൊന്നും സ്ഥാപനമേധാവിയുടെ അനുമതി കൂടാതെ പരസ്യമാക്കരുത്. മുൻ ഉദ്യോഗസ്ഥെൻറ കുറിപ്പുകളും അഭിപ്രായ പ്രകടനവും അനുചിതമാണോ എന്ന് സ്ഥാപന മേധാവി തീരുമാനിക്കും.
സുരക്ഷ, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവയാണ്: ഇൻറലിജൻസ് ബ്യൂറോ (ഐ.ബി), റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), റവന്യൂ ഇൻറലിജൻസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ് ബ്യൂറോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഏവിയേഷൻ റിസർച് സെൻറർ, സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ്, ഫിനാൻഷ്യൽ ഇൻറലിജൻസ് യൂനിറ്റ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, ബി.ആർ.ഒ, സി.ഐ.എസ്.എഫ്, എൻ.എസ്.ജി, എസ്.പി.ജി, ഡി.ആർ.ഡി.ഒ, സി.ബി.ഐ, എസ്.എസ്.ബി, കേന്ദ്രഭരണപ്രദേശങ്ങളിലെ സ്പെഷൽ ബ്രാഞ്ച്, ലക്ഷദ്വീപ് പൊലീസ്.
സർവിസിലുള്ളപ്പോൾ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാൻ ഓരോ സർക്കാർ ജീവനക്കാരനെയും ബാധ്യസ്ഥമാക്കുന്ന വിധം സർവിസ് ചട്ടങ്ങളിൽ മോദിസർക്കാർ 2014ൽ ഭേദഗതി വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.