3000 കോടിയുടെ പ്രതിമയുള്ള നർമദയിൽ കോവിഡ്​ ചികിത്സക്കായി അലഞ്ഞ്​ ജനം

നർമദ: നാല്​ മാസം മുമ്പ്​, അഥവാ കോവിഡ്​ മഹാമാരിയുടെ ആദ്യതരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്ന സമയത്താണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി ഗുജറാത്തിലെ കെവാഡിയയിൽ എത്തിയത്​. നർമദയുടെ തീരത്ത്​ 3000 കോടി രൂപ ചെലവഴിച്ച്​ നിർമിച്ച സ്​റ്റാച്യു ഒാഫ്​ യൂനിറ്റി ഒരിക്കൽ കൂടി അദ്ദേഹം അഭിമാനത്തോടെ നോക്കികണ്ടു.

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളെ കെവാഡിയയുമായി ബന്ധിപ്പിക്കുന്ന എട്ട് പുതിയ ട്രെയിനുകളും അന്ന്​ മോദി ​ഫ്ലാഗ്​ഒാഫ്​ ചെയ്​തു. 'ഗുജറാത്തിന്റെ വിദൂര ഭാഗത്തുനിന്ന്​​ പോലും ഇനി ഇവിടേക്ക്​ ആളുകൾക്ക്​ എത്താനും കഴിയും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇത് ഇപ്പോൾ സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാൾ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു' -മോദി പറഞ്ഞു.

പ്രതിമക്കായി 3,000 കോടി രൂപ ചെലവഴിച്ചതിനു പു​റമെ, ഉദ്യാനമടക്കം നിർമിക്കാൻ 400 കോടി രൂപയും ഗുജറാത്ത്​ സർക്കാർ ചെലവഴിച്ചു. 102 കോടി രൂപയുടെ മറ്റൊരു മ്യൂസിയവും ഇവിടെ നിർമാണത്തിലാണ്. കെവാഡിയയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന കടൽ വിമാന സർവിസും മോദി തന്നെ ഉദ്​ഘാടനം ചെയ്​തിരുന്നു.

പക്ഷെ, ഇതൊന്നും ആ നാടിനെ രക്ഷിക്കാനായില്ലെന്നാണ്​ ഇന്ന്​ കണക്കുകൾ വ്യക്​തമാക്കുന്നത്​. കെവാഡിയ സ്ഥിതിചെയ്യുന്ന നർമദ ജില്ല കോവിഡി​െൻറ രണ്ടാംതരംഗത്തിൽ ഉലയുകയാണ്​. ആരോഗ്യ രംഗത്തെ അടിസ്​ഥാന സൗകര്യങ്ങളുടെ അഭാവം കാരണം നിരവധി പേർ മരണത്തിന്​ കീഴടങ്ങി.

ഒൗദ്യോഗികമായി രാജ്യത്ത് ഏറ്റവും കൂറവ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​ത രാജ്യത്തെ ജില്ലകളിലൊന്നാണ്​ നർമദ. കഴിഞ്ഞ വർഷം മുതൽ ഇതുവരെ കൊറോണ വൈറസ് മൂലം പത്ത് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ഗുജറാത്ത് സർക്കാറി​െൻറ കണക്കുകൾ പറയുന്നത്​. ഇതിൽ ഒമ്പതെണ്ണം ഏപ്രിൽ പകുതി മുതൽ സംഭവിച്ചവയാണ്. അതേസമയം കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഒരു മരണം മാത്രമാണ് ഉണ്ടാ​യതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ജില്ല ആസ്ഥാനത്തെ ഏക ശ്മശാനമായ രാജ്പിപ്ലയിലെ കണക്ക്​ ഒൗദ്യോഗിക രേഖകളിലേതിനേക്കൾ 20 ഇരട്ടിയെങ്കിലും വരും. ഏപ്രിൽ രണ്ടിനും 23നും ഇടയിൽ 74 പേർ മരിച്ചതായി പ്രാദേശിക ഡിജിറ്റൽ മീഡിയ വെബ്‌സൈറ്റായ ഗുജറാത്ത് എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് ചെയ്യുന്നു. മരണങ്ങൾ കൂടിയതോടെ ശ്മശാനം അധികനേരം പ്രവർത്തിക്കുന്നുണ്ടെന്ന് ഇവിടത്തെ ജീവനക്കാരും പറയുന്നു.

പകർച്ചവ്യാധിക്ക് മുമ്പ് ഒരു ദിവസം ഒരു മൃതദേഹം എന്ന നിലക്കാണ്​ ഉണ്ടായിരുന്നത്​. ഇപ്പോഴത്​, അഞ്ച് മുതൽ ഏഴ് വരെയായി ഉയർന്നു. ശ്മശാനത്തി​െൻറ പ്രവർത്തനവും ബുദ്ധിമുട്ടിലാണ്​. മരം തീർന്നിരിക്കുന്നു. ഇവിടെ ഗ്യാസ്​ ക്രിമിറ്റേറിയം ഒരുക്കാനുള്ള തയാറെടുപ്പിലാണ്​. അതിനായി 32 ലക്ഷം സംഭാവന ലഭിക്കാൻ ഞങ്ങൾ പലരോടും അപേക്ഷിക്കുന്നുണ്ടെന്നും ഇതി​െൻറ ചുമതലക്കാരനായ കൗശൽ കപാഡിയ ചൂണ്ടിക്കാട്ടി.

കോവിഡി​െൻറ രണ്ടാം തരംഗം ഗുജറാത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്​. നിലവിൽ 131,832 കേസുകളും 8,626 മരണങ്ങളുമാണ്​ ഒൗദ്യോഗികമായി റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​. എന്നാൽ, ഈ കണക്കുകൾ വിശ്വാസയോഗ്യ​ല്ലെന്ന്​ പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.

ഒൗദ്യോഗിക കണക്കു​പ്രകാരം ഗുജറാത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക്​ നർമദയിലാണ്​. 2011ലെ സെൻസസ് അനുസരിച്ച് ജനസംഖ്യയുടെ 89 ശതമാനവും 613 ഗ്രാമങ്ങളിലായി ചിതറിക്കിടക്കുന്ന ജില്ലയാണ് നർമദ. അതിനാൽ, ​േ​കാവിഡ്​ ബാധിച്ച്​ ഗ്രാമങ്ങളിൽ നടക്കുന്ന മിക്ക മരണങ്ങളും അറിയാൻ കഴിയുന്നില്ലെന്ന്​ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജില്ല ആസ്​ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെ, സഗ്‌ബര താലൂക്കിലെ ചോപദ്വാവ് ഗ്രാമത്തിൽ നടക്കുന്ന മരണങ്ങൾ തങ്ങളെ ഭയപ്പെടുത്തുകയാണെന്ന്​ ഇവിടത്തെ സർപഞ്ച് റെയ്‌സിങ്‌ഭായ് വാസവ പറഞ്ഞു. 'ഏപ്രിൽ ആദ്യം മുതൽ എ​െൻറ ഗ്രാമത്തിൽ ഓരോ ദിവസവും നാലോ അഞ്ചോ മരണങ്ങൾ സംഭവിക്കുന്നു. ഒരാളെ സംസ്​കരിച്ച്​ കഴിയു​േമ്പാഴേക്കും അടുത്തയാൾ മരണത്തിന്​ കീഴടങ്ങിയിട്ടുണ്ടാകും. കോവിഡ്​ കാരണം ത​െൻറ ഭാര്യയും രണ്ടാഴ്​ച മുമ്പ്​ മരിച്ചു' ^വാസവ കണ്ണീരോടെ പറയുന്നു.

പ്രാദേശിക ഉദ്യോഗസ്ഥരും ഇദ്ദേഹത്തോട്​ യോജിക്കുന്നു. രോഗികൾ വീട്ടിൽ മരിക്കുന്നതിനാൽ ജില്ലയുടെ യഥാർത്ഥ മരണസംഖ്യ ഒൗദ്യോഗിക കണക്കിനേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലയുടെ പകർച്ചവ്യാധി മെഡിക്കൽ ഓഫിസർ ഡോ. ആർ. കശ്യപ് പറഞ്ഞു.

അതേസമയം, ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിലെ വീഴ്​ചയാണ്​ ഇൗ അവസ്​ഥക്ക്​ കാരണമെന്ന്​ ഇൗ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക്​ ചികിത്സ ഉറപ്പാക്കുന്നതിന്​ പകരം 'ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രം' ഒരുക്കാനാണ്​ മോദി ശ്രമിച്ചത്​. നർമദയിൽ ആരോഗ്യ, പോഷകാഹാര സൂചികകൾ രാജ്യത്തെ ഏറ്റവും മോശമായ അവസ്​ഥയിലാണ്​. ഇവിടെ ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗത്തിനും വളർച്ചക്കുറവ്​, ഭാരക്കുറവ്​ എന്നിവയെല്ലാം കാണുന്നുണ്ട്​.

2018 ഒക്​ടോബറിൽ സർദാർ വല്ലഭായ്​ പ​േട്ടലി​െൻറ 182 മീറ്റർ ഉയരമുള്ള പ്രതിമ ഉദ്​ഘാടനം ചെയ്​തശേഷം പ്രധാനമന്ത്രി സ്​ഥിരമായി ഇവിടെ എത്താറുണ്ട്​​. കഴിഞ്ഞ ഒക്ടോബറിൽ പകർച്ചവ്യാധി രൂക്ഷമായിരിക്കെ മോദി ഇവിടം സന്ദർശിക്കുകയും രണ്ട് ദിവസം ജില്ലയിൽ താമസിക്കുകയും 17 പദ്ധതികളുടെ ഉദ്ഘാടനവും നാല് പുതിയ പദ്ധതികളുടെ തറക്കല്ലിടലും നിർവഹിച്ചു.

അദ്ദേഹം ഉദ്​ഘാടനം ചെയ്​ത്​ പദ്ധതികളിലൊന്ന്​ കെവാഡിയയെയും സബർമതി റിവർഫ്രണ്ടിനെയും ബന്ധിപ്പിക്കുന്ന കടൽ വിമാന സർവിസാണ്​. ഇവയെല്ലാം നടക്കു​േമ്പാഴും പകർച്ചവ്യാധിക്കെതിരായ ജില്ലയുടെ പോരാട്ടം ദുർബലാവസ്​ഥയിലായിരുന്നു. കഴിഞ്ഞ ആഴ്ച വരെ, കോവിഡ് ചികിത്സക്ക്​ വരുന്നവരിൽനിന്ന് ശേഖരിക്കുന്ന സ്രവം പരിശോധിക്കാൻ ഒരു ലാബ്​ ​േപാലും ഇവിടെ ഉണ്ടായിരുന്നില്ല. സാമ്പിളുകൾ വഡോദരയിലെ ലാബുകളിലേക്ക് അയച്ച്​ ഫലത്തിനായി മൂന്ന് ദിവസത്തെ കാത്തിരിപ്പ് വേണ്ടിരുന്നു​െവന്ന്​ പകർച്ചവ്യാധി മെഡിക്കൽ ഓഫിസർ കശ്യപ് പറഞ്ഞു.

ഏപ്രിൽ ആദ്യം വരെ ജില്ലയിൽ 100 കിടക്കകളുള്ള കോവിഡ്​ ആശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലകളിലൊന്നായതിനാൽ ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ താരതമ്യേന മോശമാണെന്ന്​ ജില്ല കലക്ടർ ധർമേന്ദ്ര ഷാ വ്യക്​തമാക്കുന്നു. 'ഞങ്ങൾക്ക് ഒരു കോവിഡ് ആശുപത്രി മാത്രമേയുള്ളൂ. 100 കിടക്കകളിൽനിന്ന് ഇപ്പോൾ കിടക്കകൾ ഇരട്ടിയാക്കി. ഓക്സിജൻ സജ്ജീകരിച്ച കിടക്കകൾ എട്ടിൽ നിന്ന് 80 ആക്കി. താലൂക്ക്​ തലത്തിൽ വിവിധ കോവിഡ് കെയർ സെൻററുകളിൽ 1,008 കിടക്കകൾ ഒരുക്കിയിട്ടുണ്ട്​' ^കലക്​ടർ പറഞ്ഞു.

എന്നാൽ അവയിൽ മിക്കതിലും ഓക്സിജൻ വിതരണ സംവിധാനങ്ങളോ മറ്റു സൗകര്യങ്ങളോ മതിയായ ജീവനക്കാരോ ഇല്ലെന്ന്​ നാട്ടുകാർ വെളിപ്പെടുത്തുന്നു. രണ്ടാഴ്ച മുമ്പ് വരെ സ്വകാര്യ ആശുപത്രികളും കോവിഡ്​ ബാധിച്ചവർക്ക്​ ചികിത്സ നൽകിയിരുന്നില്ല. ഇതുകാരണം ഒരൊറ്റ ആശുപത്രിയെ ആശ്രയിക്കാൻ പലരും നിർബന്ധിതരായി.

ഇതി​െൻറ ഇരയാണ്​ ഏപ്രിൽ 21ന്​ മരിച്ച പ്രമീല എന്ന 49കാരി. സി.ടി സ്കാനിൽ കഠിനമായ ശ്വാസകോശ അണുബാധ സ്​ഥിരീകരിച്ചെങ്കിലും ആർ.ടി.പി.സി.ആർ ഫലം വരാൻ വൈകിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. പിന്നീട്​ രേ​ാഗം ഗുരുതമായപ്പോൾ സൂറത്തിലേക്ക്​ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Tags:    
News Summary - People roam for treatment of Kovid in Narmada with a statue of 3000 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.