ന്യൂഡൽഹി: ആർ.എസ്.എസിനെയും വി.എച്ച്.പിയെയും താലിബാനോട് ഉപമിച്ച സംഭവത്തിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെ വിമർശിച്ച് ശിവസേന. ഏതൊരു ഇന്ത്യൻ സംഘടനയെയും താലിബാനുമായി ഉപമിക്കുന്നത് അപലപനീയമാെണന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
'താലിബാൻ പ്രാകൃതരും അവരുടെ പ്രവർത്തനങ്ങൾ അപലപനീയവുമാണ്. എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദൾ എന്നിവയെ പിന്തുണക്കുന്നവരും ഒന്നുതന്നെയാണ്' -ഇങ്ങനെയായിരുന്നു അടുത്തിടെ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ജാവേദ് അക്തർ പറഞ്ഞത്.
ഞങ്ങൾ ഇന്ന് സാമ്നയിൽ ഇക്കാര്യം എഴുതി. താലിബാനുമായി ഏതൊരു ഇന്ത്യൻ സംഘടനയെയും ഉപമിക്കുന്നത് അപലപിനീയമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. താലിബാന്റെ വികൃതമായ മാനസികാവസ്ഥ ഇവിടെ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇവിടുത്തെ ആളുകൾ പോരാടുകയും തിരിച്ചടിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ അടിയന്തരാവസ്ഥ കണ്ടിട്ടുണ്ട്' -സഞ്ജയ് റാവത്ത് പറഞ്ഞു.
ഹിന്ദുത്വത്തെ താലിബാനുമായി ബന്ധിപ്പിക്കുന്നത് ഹിന്ദു സംസ്കാരത്തോടുള്ള അനാദരവാണെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിൽ ജാവേദ് അക്തറിനെ വിമർശിച്ചത്. ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും പ്രത്യയശാസ്ത്രം താലിബാനെപ്പോലെയാണെന്ന് കരുതുന്ന ആളുകൾ ആത്മപരിശോധന നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.
വിവാദ പരാമർശങ്ങളിൽ ആർ.എസ്.എസ് നേതൃത്വത്തോടും പ്രവർത്തകരോടും ക്ഷമ ചോദിച്ചില്ലെങ്കിൽ അക്തറിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയുമായി മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എ രാം കദം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ജനങ്ങളിൽ കൂടുതലും മതേതരമാണെന്നും, എന്നാൽ ആർ.എസ്.എസ്, വി.എച്ച്.പി എന്നീ സംഘടനകളെ പിന്തുണക്കുന്നവർ നാസികളുടെ അതേ പ്രത്യയശാസ്ത്രമുള്ളവരാണെന്നും അക്തർ അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.