കോൺഗ്രസിന്‍റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ല; ഭരണ അട്ടിമറി ഭീഷണിക്കിടെ ഹരിയാന മുഖ്യമന്ത്രി

സിർസ (ഹരിയാന): ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഭരണ അട്ടിമറി ഭീഷണി നേരിടുന്നതിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി നയബ് സിങ് സൈനി. കോൺഗ്രസിന്‍റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ലെന്ന് നയബ് സിങ് സൈനി വ്യക്തമാക്കി.

ലോക്‌സഭയിലോ സംസ്ഥാനത്തോ ഭൂരിപക്ഷമില്ലാത്തപ്പോൾ ചിലരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന കോൺഗ്രസിന്‍റെ ചരിത്രം രാജ്യം മുഴുവൻ കണ്ടതാണ്. ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, സംസ്ഥാന സർക്കാറിന് യാതൊരു പ്രതിസന്ധിയുമില്ല. കോൺഗ്രസ് പാർട്ടിയുടെ ആഗ്രഹം നിറവേറ്റാൻ സംസ്ഥാനത്തെ ജനങ്ങൾ അനുവദിക്കില്ല. ഞങ്ങൾ വികസനത്തിൽ ആശ്രയിക്കുമ്പോൾ അവർ അഴിമതിയെ ആശ്രയിക്കുന്നു -യബ് സിങ് സൈനി ചൂണ്ടിക്കാട്ടി.

ഹരിയാനയിൽ മുഖ്യമന്ത്രി നയബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നൽകിയ പിന്തുണ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പുന്ദ്രിയില്‍ നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍ നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍ നിന്നുള്ള സോംബീര്‍ സിംഗ് സാങ്വാന്‍ എന്നിവരാണ് ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായും കോൺഗ്രസിനെ പിന്തുണക്കുന്നതായും അറിയിച്ചത്. കൂടാതെ, ഹരിയാനയിലെ ഒരു ബി.ജെ.പി എം.എൽ.എ കൂടി കോൺഗ്രസിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.

ഇതോടെ, ബി.ജെ.പി സർക്കാറിന്‍റെ നിലനിൽപ് തന്നെ ഭീഷണിയിലാണ്. മൂന്ന് അംഗങ്ങൾ പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടമായി. എൻ.ഡി.എ സഖ്യത്തിന് 45 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. മൂന്ന് പേരെ നഷ്ടമായതോടെ ഭരണപക്ഷത്ത് 42 പേർ മാത്രമായി. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയും സർക്കാറിന് നഷ്ടമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസിന് 34 പേരുടെ പിന്തുണയായി.

മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാർ കഴിഞ്ഞ മാർച്ചിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നയബ് സിങ് സൈനി മുഖ്യമന്ത്രിയായത്. ജെ.ജെ.പി ബി.ജെ.പി സഖ്യം വിട്ടതിന് പിന്നാലെയായിരുന്നു മനോഹർ ലാൽ ഖട്ടാറിന്‍റെ രാജി. അതേസമയം, നയബ് സിങ് സൈനി മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രർ നേരത്തെ തന്നെ അസ്വസ്ഥരായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - "People wont let Congress fulfill its wishes" says Haryana CM Nayab Saini, plays down threat to government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.