ന്യൂഡൽഹി: ഉരുളക്കിഴങ്ങ് വിത്തിനത്തിനുമേൽ ഉടമാവകാശമുന്നയിച്ച ബഹുരാഷ്ട്ര ഭീമൻ പെപ്സി കമ്പനിക്കുമേൽ കർഷകരുടെ വിജയം. പെപ്സികോ ഇറക്കുന്ന 'ലെയ്സ്' ഉരുളക്കിഴങ്ങ് ചിപ്സ് നിർമിക്കാനുപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങിെൻറ പേറ്റൻറ് തങ്ങൾക്കാണെന്ന കമ്പനിയുടെ അവകാശവാദം പ്ലാൻറ് വെറൈറ്റീസ് & ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി (പി.പി.വി.എഫ്.ആർ) തള്ളി.
എഫ്.എൽ 2027 എന്ന ഈ ഇനം കൃഷി ചെയ്ത ഗുജറാത്തിലെ കർഷകർക്കെതിരെ 2019ൽ കമ്പനി നൽകിയ നഷ്ടപരിഹാര ആവശ്യവും അതോറിറ്റി തള്ളി. 2016ൽ പെപ്സി കമ്പനിക്ക് ഈ ഇനത്തിന് രജിസ്ട്രേഷൻ ലഭിച്ചിരുന്നു.
ജലാംശം വളരെ കുറഞ്ഞ, ചിപ്സ് നിർമാണത്തിന് ഏറ്റവും അനുയോജ്യമായ ഇനമാണിത്. എഫ്.എൽ 2027 ഇനം വിത്തിെൻറ ബൗദ്ധിക സ്വത്തവകാശം പെപ്സികോക്ക് നൽകിയ നടപടി എടുത്തുകളയണമെന്നാവശ്യപ്പെട്ട് കവിത കുറുഗന്ധി എന്ന സന്നദ്ധപ്രവർത്തക നൽകിയ ഹരജിയിലാണ് വിധി.
വിത്തിനത്തിനു മേൽ സർക്കാർ പേറ്റൻറ് നൽകുന്നില്ലെന്ന് കവിത ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ച അതോറിറ്റി, ഒരു ബ്രാൻഡ് ആയിട്ടല്ലാതെ ഇത്തരം ഉരുളക്കിഴങ്ങ് കർഷകർക്ക് ഉൽപാദിപ്പിക്കാമെന്നും ചൂണ്ടിക്കാട്ടി. ഏതു വിളയും ഉൽപാദിപ്പിക്കാനുള്ള രാജ്യത്തെ കർഷകരുടെ അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ഉത്തരവാണിതെന്ന് ഹരജി നൽകാൻ മുന്നിട്ടിറങ്ങിയ കർഷകർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.