തമിഴ്നാട് സർക്കാർ രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം തടഞ്ഞു; സുപ്രീംകോടതിയിൽ ഹരജിയുമായി ബി.ജെ.പി

ന്യൂഡൽഹി: തമിഴ്നാട്ടിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങളുടെ ലൈവ് ടെലികാസ്റ്റിനും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾക്കും അന്നദാനത്തിനും അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ ഹരജി നൽകി തമിഴ്നാട് ബി.ജെ.പി. റിട്ട് ഹരജിയാണ് കോടതിയിൽ സമർപ്പിച്ചത്. ഹരജി പരിഗണിച്ച സുപ്രീംകോടതി മറ്റ് മതസ്ഥർ ജീവിക്കുന്നു എന്നത് കൊണ്ട് മാത്രം സ്ക്രീനിങ് തടയാനാവില്ലെന്ന് അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കോടതി ഹരജി പരിഗണിക്കുന്നതിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംസ്ഥാന സർക്കാർ പ്രാണപ്രതിഷ്ഠയുടെ സ്ക്രീനിങ് തടയുകയാണെന്ന് വാദിച്ചു. ഇതിനെതിരെ ശക്തമായ നിർദേശം കോടതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ കാരണങ്ങളില്ലാതെ മതപരമായ ഒരു ചടങ്ങും തടയരുതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ സ്ക്രീനിങ്ങിനോ ക്ഷേത്രങ്ങളിൽ പൂജകളോ അന്നദാനമോ നടത്തുന്നതിന് ഒരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാറിന് വേണ്ടി ഹാരജരായ അഡ്വക്കറ്റ് ജനറൽ അമിത് ആനന്ദ് തിവാരി അറിയിച്ചു. ഹരജി രാഷ്ട്രീയ പ്രേരിതമാണെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ചട്ടപ്രകാരം ഹരജികളിൽ തീരുമാനമെടുക്കാൻ തമിഴ്നാട് സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകി.

Tags:    
News Summary - Permission For Religious Ceremonies Can't Be Denied On Sole Ground That Other Communities Are In Majority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.