ന്യൂഡൽഹി: സിദ്ദീഖ് കാപ്പന് വേണ്ടി സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ ഭാര്യ റൈഹാന സിദ്ദീഖിനെ കക്ഷിയാക്കാമെന്ന കപിൽ സിബലിൻ്റെ നിർദേശം സുപ്രീം കോടതി അംഗീകരിച്ചു. ഇതിനായി ഒരാഴ്ച സമയം സുപ്രീം കോടതി സിബലിന് നൽകി. യു.പി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ എതിർപ്പ് തള്ളിയാണ് ഈ നടപടി.
ഹേബിയസ് കോർപസ് ഹരജിയിൽ ഒരു സംഘടനക്ക് പ്രതിക്കായി വാദം നടത്താനാവില്ലെന്ന സാങ്കേതിക തടസം ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ ഉന്നയിച്ചതിനെ തുടർന്നാണ് കാപ്പൻ്റെ ഭാര്യയെ കക്ഷി ചേർക്കാൻ തയാറാണെന്ന് കപിൽ സിബൽ അറിയിച്ചത്. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് അതിന് സമയം നൽകി കേസ് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.
കേസ് ഏത് വിധേനയും അലഹാബാദ് ഹൈകോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് ആവർത്തിച്ച് ശ്രമിച്ചപ്പോൾ അർണാബ് ഗോസ്വാമി കേസിലെ വിധി ഉദ്ധരിച്ച് സിബൽ പ്രതിരോധിച്ചു. മേത്ത എതിർ സത്യവാങ്മൂലം വായിച്ചു നോക്കിയില്ലെന്ന് കുറ്റപ്പെടുത്തിയ സിബൽ യുപി സർക്കാർ സിദ്ദീഖ് കാപ്പനെതിരെ സമർപ്പിച്ച സത്യവാങ് മൂലത്തിലെ കള്ളങ്ങൾ ബെഞ്ചിന് മുമ്പാകെ നിരത്തി.
ഇതിനിടയിൽ സിബലിനെ വാദിക്കാൻ അനുവദിക്കാതെ ഇടപെട്ടതിന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ കോടതി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.