നന്നായി ജോലി ചെയ്യുന്നവർക്ക് അർഹമായ ബഹുമാനം കിട്ടുന്നില്ല; പാർലമെന്റിൽ വെറുതെ സംസാരിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം മണ്ഡലത്തിൽ ശ്രദ്ധിക്കുന്നതാണ് -നിതിൻ ഗഡ്കരി

മുംബൈ: അവസരവാദികളായ ചില രാഷ്ട്രീയക്കാർ ഭരണകക്ഷിയുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അത്തരം അപകടകരമായ പ്രവണതകൾ ജനാധിപത്യത്തിന് ഗുണകരമല്ലെന്നും ഗഡ്കരി പറഞ്ഞു. പാർലമെന്റിൽ വെറുതെ സംസാരിച്ച് ആളാവാൻ നോക്കുന്നതിന് പകരം അവനവന്റെ മണ്ഡലത്തിലെ വികസനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയണമെന്നും ഗഡ്കരി ഉപദേശിച്ചു.

ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രഭാഷണ ചാതുരിയെ പ്രകീർത്തിച്ച ഗഡ്കരി മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിൽ നിന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും സൂചിപ്പിച്ചു. ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന കർപൂരി താക്കൂർ ജനാധിപത്യത്തെ ശക്തമാക്കാൻ മികച്ച സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം കർപൂരി താക്കൂർ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. അത്തരം രാഷ്ട്രീയ നേതാക്കൾ ജനങ്ങൾക്ക് പ്രചോദനമാണ്. 

സ്വന്തം പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളും ഉണ്ട്. എന്നാൽ അത്തരം ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതുപാർട്ടിയുടെ സർക്കാരാണ് ഭരിക്കുന്നത് എന്നത് വിഷയമല്ല. എന്നാൽ നന്നായി ജോലി ​ചെയ്യുന്നവർക്ക് പലപ്പോഴും അർഹമായ പ്രതിഫലം ലഭിക്കാറില്ല. അതുപോലെ മോശം കാര്യങ്ങൾ ചെയ്യുന്നവർക്ക് വേണ്ട ശിക്ഷയും ലഭിക്കാറില്ല.-ആരുടെയും പേരുകൾ പരാമർശിക്കാതെ ഗഡ്കരി പറഞ്ഞു.

മഹത്തായ സംഭാവനകൾ നൽകിയ പാർലമെന്റംഗങ്ങളെ ആദരിക്കാൻ ലോക്മത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നമ്മുടെ ചർച്ചകളിലും സംവാദങ്ങളിലും പലവിധത്തിലുള്ള അഭിപ്രായങ്ങളുണ്ടാകുന്നത് നമ്മുടെ പ്രശ്നമല്ല. പ്രത്യയശാസ്ത്രങ്ങളില്ലാത്തതാണ് നമ്മുടെ പ്രശ്നമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാർ വരികയും പോവുകയും ചെയ്യും. ജനങ്ങൾക്കായി നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് അർഹമായ ബഹുമാനവും ലഭിക്കും.

സ്വന്തം പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് നിൽക്കുന്നവരുണ്ട്. ദൗർഭാഗ്യവശാൽ അത്തരം ആളുകളുടെ എണ്ണം ചുരുങ്ങിവരികയാണ്. പ്രത്യയശാസ്ത്ര ശോഷണവും ഇന്ന് സംഭവിച്ചുവരുന്നുണ്ട്. എന്നാൽ അത് ജനാധിപത്യത്തിന് ഒട്ടും ഗുണകരമല്ല. വലതു പക്ഷമാകട്ടെ, ഇടതുപക്ഷമാകട്ടെ അവസരവാദികളികളെ തിരിച്ചറിയാൻ സാധിക്കണം. ചിലർ അങ്ങനെയാണ്. ഭരണകക്ഷിയുമായി അടുപ്പം കൂടാൻ എല്ലാ ശ്രമങ്ങളും നടത്തും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ കടമെടുത്താൽ ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്നും ഗഡ്കരി സൂചിപ്പിച്ചു. ഈ പ്രത്യേകതകൾ മൂലം നമ്മുടെ ജനാധിപത്യ ഭരണരീതി ലോകരാഷ്ട്രങ്ങൾക്ക് മാതൃകയായി മാറുന്നുവെന്നും ഗഡ്കരി കൂട്ടിച്ചേർത്തു

Tags:    
News Summary - Person who does good work never gets respect says Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.