ന്യൂഡൽഹി: വാരാണസി ഗ്യാൻവാപി പള്ളി പരിസരത്ത് പുരാവസ്തു വകുപ്പ് ഖനനമടക്കമുള്ള സർവേ നടത്തുന്നതോടെ പള്ളി മുഴുവനായും നശിപ്പിക്കപ്പെടുമെന്നും ഇത് രാജ്യത്ത് കോളിളക്കമുണ്ടാക്കുമെന്നും പള്ളി പരിപാലിക്കുന്ന അഞ്ചുമൻ ഇൻതിസാമിയ കമ്മിറ്റി അലഹാബാദ് ഹൈകോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, സർവേ കൊണ്ട് പള്ളിക്ക് ഒരു കേടും പറ്റില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ബോധിപ്പിച്ചിട്ടുണ്ടല്ലോ എന്ന് കോടതി പ്രതികരിച്ചു.
ചീഫ് ജസ്റ്റിസ് പ്രീതാങ്കർ ദിവാകർ മുമ്പാകെ പള്ളിക്കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.എഫ്.എ. നഖ്വിയാണ് സർവേക്കെതിരായ വാദമുന്നയിച്ചത്.
ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം അംഗീകരിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് ഹൈകോടതി ഹരജി പരിഗണിക്കുകയായിരുന്നു. ബുധനാഴ്ചയുംവാദം തുടരും. ഗ്യാൻവാപി അടക്കം 22 പള്ളികൾ പരിപാലിക്കുന്നത് ‘അഞ്ചുമൻ ഇൻതിസാമിയ കമ്മിറ്റി’യാണ്.
സർവേ നടപടികൾ ബുധനാഴ്ച വൈകീട്ട് അഞ്ചു വരെ സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് ചൊവ്വാഴ്ച കമ്മിറ്റി അലഹാബാദ് ഹൈകോടതിയിലെത്തിയത്. ഖനനം അടക്കമുള്ള സർവേ നടത്തുന്നതോടെ പള്ളി മുഴുവനായും നശിപ്പിക്കപ്പെടുമെന്ന് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ പള്ളിക്ക് ഒരു കേടും പറ്റില്ലെന്ന് കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ബോധിപ്പിച്ചിട്ടുണ്ടല്ലോ എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. അത് ആദ്യ ഒരാഴ്ചയിലെ സർവേയുടെ പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ച് മാത്രം പറഞ്ഞതാണെന്ന് അഡ്വ. നഖ്വി മറുപടി നൽകി.
പള്ളിയിൽ സർവേ നടത്തണമെന്ന നാല് ഹിന്ദു സ്ത്രീകളുടെ ഹരജിക്കെതിരെ പള്ളിക്കമ്മിറ്റി ആദ്യം സമർപ്പിച്ച ഹരജി തീർപ്പാക്കാതെ വാരാണസി കോടതി പുറപ്പെടുവിച്ച ഈ ഉത്തരവ് അപക്വമാണെന്നും നഖ്വി തുടർന്നു.
ഗ്യാൻവാപി മുഗൾ ചക്രവർത്തിയായ ഔറംഗസീബ് നിർമിച്ച പള്ളി ആണോ അതല്ല, ക്ഷേത്രമാണോ എന്നറിയാനുള്ള സർവേ പുരാവസ്തു വകുപ്പ് നടത്തണമെന്ന് ഹരജിക്കാരായ ഹിന്ദു സ്ത്രീകളുടെ അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.