ബംഗളൂരു: ഫോട്ടോകൾക്കും വിഡിയോകൾക്കുമായി ശിരോവസ്ത്രം ധരിച്ച പെൺകുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങൾക്കെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വിദ്യാർഥിനികളെ പിന്തുടരുകയും ഫോട്ടോയും വിഡിയോയും പകർത്തുകയും ചെയ്യുന്നതിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ പത്രങ്ങൾക്കും ചാനലുകൾക്കും പുറമെ, ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ,യാഹൂ, ഇൻസ്റ്റഗ്രാം, യൂടൂബ്, വാട്ട്സ്ആപ്പ് തുടങ്ങി 60 ലേറെ മാധ്യമങ്ങൾക്കെതിരെയാണ് ഹരജി.
നിക്ഷിപ്ത താൽപര്യത്തോടെ വിദ്യാർഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനൽവത്കരിക്കുകയും ചെയ്യുന്നതായും വിദ്വേഷത്തിന്‍റെ വിഷം കുത്തിവെച്ച് വിദ്യാർഥികളെ ഭിന്നിപ്പിക്കാനും വർഗീയവത്കരിക്കാനും തുടർച്ചയായ ശ്രമം നടക്കുന്നതായും അബ്ദുൽ മൻസൂർ, മുഹമ്മദ് ഖലീൽ, ആസിഫ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥിനികളെ കാമ്പസിനകത്തും പുറത്തും മാധ്യമങ്ങൾ വേട്ടയാടുന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശിവമൊഗ്ഗയിൽ സ്കൂൾ വിദ്യാർഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവർത്തകൻ ചിത്രം പകർത്തിയ സംഭവത്തിൽ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും മാധ്യമപ്രവർത്തകൻ മാപ്പ് പറയുകയും ചെയ്തിരുന്നു.
അതേസമയം, കേന്ദ്ര സർക്കാറിനെ താഴെയിറക്കാൻ രാജ്യത്ത് അസമാധാനവും അരാജത്വവും ലക്ഷ്യംവെച്ചുള്ള ടൂൾ കിറ്റിന്‍റെ ഭാഗമാണ് ശിരോവസ്ത്ര വിവാദമെന്നും വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ അഡ്വ. ഗണശ്യാം ഉപാധ്യായ ഹൈക്കോടതിയിൽ ഹരജി നൽകി. 2014 നുശേഷം പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിലും കർഷക സമരത്തിലും 'ടൂൾകിറ്റ്' സജീവമായിരുന്നതായി ചൂണ്ടിക്കാട്ടിയ ഹരജിക്കാരൻ, ശിരോവസ്ത്ര സമരത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പങ്ക് സംബന്ധിച്ച് എൻ.ഐ.എയുടെയുയോ സി.ബി.ഐയുടെയോ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.