ന്യൂഡൽഹി: സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെ നീറ്റ് പി.ജി സൂപ്പർസ്പെഷാലിറ്റി പരീക്ഷ രീതി മാറ്റാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറി. നീറ്റ് പി.ജി സൂപ്പർസ്പെഷാലിറ്റി പരീക്ഷയിൽ 2020- 23 അധ്യയന വർഷം മുതൽ മാത്രമേ ചോദ്യപേപ്പർ രീതിയിൽ മാറ്റം വരുത്തൂ എന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചു.
നവംബർ 13,14 തീയതികളിലായി നടക്കാനിരിക്കുന്ന പരീക്ഷക്ക് ആഗസ്റ്റ് 31നാണ് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ചോദ്യപേപ്പർ രീതി മാറുമെന്ന് അറിയിക്കുന്നത്. പരീക്ഷ നോട്ടിഫിക്കേഷൻ പുറത്തിറക്കിയ ശേഷം അവസാന നിമിഷം മാറ്റം വരുത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്.
പുതിയ രീതി അടുത്ത വർഷം മുതലാക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ചോദിച്ച കോടതി മെഡിക്കൽ വിദ്യാഭ്യാസ രംഗവും കച്ചവടമായി മാറിയെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത അധ്യയന വർഷം മുതലേ മാറ്റം കൊണ്ടുവരൂ എന്നും നടക്കാനുള്ള പരീക്ഷ 2020 ലെ രീതിയിൽ തുടരുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്. തീരുമാനം പിൻവലിച്ചത് സുപ്രീംകോടതി സ്വാഗതം ചെയ്തു.
2018, 2020 വര്‍ഷങ്ങളില്‍ നടത്തിയ പരീക്ഷ പ്രകാരം സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗത്തില്‍ നിന്ന് 60 ശതമാനം ചോദ്യങ്ങളും ഫീഡര്‍ കോഴ്സുകളില്‍ നിന്ന് 40 ശതമാനം ചോദ്യങ്ങളുമാണ് ചോദിച്ചത്. പകരം എല്ലാ ചോദ്യങ്ങളും ജനറല്‍ മെഡിസിനില്‍ നിന്നാക്കാനായിരുന്നു കേന്ദ്ര തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.