ന്യൂഡൽഹി: ഏറിയാൽ ആറാഴ്ചക്കകം ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ, പ്രാണപ്രതിഷ്ഠയുടെ അന്തരീക്ഷം പരമാവധി മുതലാക്കാൻ തീർഥാടന രാഷ്ട്രീയവുമായി ബി.ജെ.പി. മുറിവേറ്റ മണ്ണിലാണ് രാമമന്ദിരം ഉയർത്തിയതെന്ന യാഥാർഥ്യം മാറ്റിവെച്ച് ഹിന്ദു വികാരം എതിരാകാതിരിക്കാൻ പ്രതിപക്ഷവും രാമരാഷ്ട്രീയത്തിൽ. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത രാമമന്ദിരം ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നു.
യു.പിക്കു പുറമെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും അയോധ്യയിലേക്ക് എത്തുന്നുണ്ട്. ഇതിന്റെ സംഘാടനം നേരത്തെതന്നെ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ഏറ്റെടുത്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് തീരുന്നതുവരെയുള്ള കാലയളവിലേക്ക് പ്രത്യേക പ്ലാൻ തയാറാക്കിയാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് തീർഥാടകരെ എത്തിക്കുന്നത്.
അയോധ്യയിൽ എത്തുന്നവർക്ക് സൗകര്യമൊരുക്കാൻ യു.പിയിലെ ബി.ജെ.പി-ആർ.എസ്.എസ് സംവിധാനവും സർക്കാർ സഹകരണത്തോടെ പൂർണതോതിൽ പ്രവർത്തിക്കുകയാണ്. ഗ്രാമങ്ങൾ തോറും അക്ഷതം വിതരണം ചെയ്തതിനു പുറമെ, അയോധ്യയിൽ എത്തുന്നവർക്ക് അവിടെനിന്നുള്ള മണ്ണ് അടക്കം ചെറു പാക്കറ്റുകൾ പ്രസാദമായൂം നൽകുന്നുണ്ട്. ഇതെല്ലാം ദേശവ്യാപകമായി വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഏകോപന-നേതൃത്വത്തിന് സംസ്ഥാനങ്ങളിലേക്ക് ദേശീയ നേതാക്കളെയും മന്ത്രിമാരെയും ബി.ജെ.പി നിയോഗിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും കുടുംബ സമേതം രാമമന്ദിരം സന്ദർശിച്ച് പ്രതിദിന ചർച്ചയിലേക്ക് അയോധ്യ കൊണ്ടുവരാനും തയാറെടുപ്പുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ അയോധ്യയിലേക്ക് കുടുംബസമേതം പോകുന്നുണ്ട്. അസമിലെ ബി.ജെ.പി സർക്കാറിന്റെ തീരുമാനം പ്രാണപ്രതിഷ്ഠ നടന്ന് ഒരു മാസം തികയുന്ന ഫെബ്രുവരി 22ന് മന്ത്രിസഭ കൂട്ടത്തോടെ അയോധ്യ സന്ദർശിക്കാനാണ്.
മധ്യപ്രദേശിൽ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നാണ് പ്രാണപ്രതിഷ്ഠക്കു പിന്നാലെ മുഖ്യമന്ത്രി മോഹൻ യാദവിന്റെ പ്രഖ്യാപനം. ക്ഷേത്ര നിർമാണം അഖണ്ഡ ഭാരതത്തിലേക്കുള്ള ചുവടുവെയ്പാണെന്നും അഫ്ഗാനിസ്താനോളം നീളുന്നതാണ് അഖണ്ഡ ഭാരതമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബിഹാറിൽ ബി.ജെ.പിക്കാരനായ ഗവർണർ ആർ.വി ആർലേകർ രാജ്ഭവനിൽ തപാൽ വകുപ്പിന്റെ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്ര’ പ്രത്യേക കവർ ചൊവ്വാഴ്ച പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.