അധ്യയന വർഷത്തിനിടയിലെ പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്തുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ നിർത്തലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. പകരം ഈ പരീക്ഷ വർഷാന്ത്യ ഒന്നാം വർഷ പരീക്ഷക്കൊപ്പം (മാർച്ചിൽ) നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ പരാജയപ്പെടുകയോ മോശം റിസൾട്ട് ലഭിക്കുകയോ ചെയ്യുന്നവർക്കായാണ് തൊട്ടടുത്ത വാർഷിക പരീക്ഷക്ക് മുമ്പായി സെപ്റ്റംബർ/ ഒക്ടോബർ മാസത്തിൽ ഇംപ്രൂവ്മെൻറ്, സപ്ലിമെന്‍ററി പരീക്ഷ നടത്തിയിരുന്നത്. വിദ്യാർഥികൾ രണ്ടാം വർഷ ഹയർസെക്കൻഡറി പഠനം തുടരുന്നതിനിടയിൽ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷക്ക് ഹാജരാകുന്നത് അധ്യയനം തടസ്സപ്പെടാൻ ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് നടപടി. പകരം ഈ വിദ്യാർഥികൾക്ക് മാർച്ചിൽ തൊട്ടുപിറകിലുള്ള ബാച്ചിലുള്ള വിദ്യാർഥികൾക്കുള്ള ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷക്കൊപ്പം ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷക്ക് അവസരം നൽകാനാണ് തീരുമാനം. രണ്ടാം വർഷ പരീക്ഷഫലം പ്രസിദ്ധീകരിച്ച ശേഷം നടത്തുന്ന സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നേരത്തേ നടത്തുന്നത് പോലെ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ഒന്നാം വർഷ പരീക്ഷഫലവും അതിന്‍റെ പുനർമൂല്യനിർണയ ഫലവും പ്രസിദ്ധീകരിച്ച ശേഷമാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയുടെ മൂല്യനിർണയത്തിനായി അധ്യാപകർ നിയോഗിക്കപ്പെടുന്നതും അധ്യയനം നഷ്ടപ്പെടാൻ ഇടയാക്കുന്നു. ഇതൊഴിവാക്കാൻ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നാം വർഷ പരീക്ഷക്കൊപ്പം അവസരം നൽകുന്നത് ഉചിതമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. അതേസമയം, പരീക്ഷ മാർച്ചിലേക്ക് മാറ്റുന്നതോടെ പ്ലസ് ടു പരീക്ഷയുടെ പഠനഭാരത്തോടൊപ്പം പ്ലസ് വൺ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷയുടെ ഭാരവും കൂടിuയുണ്ടാകുമെന്ന ആശങ്കയുമുണ്ട്.

Tags:    
News Summary - Plus One Improvement and Supplementary Examination during the academic year has been cancelled.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.