ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളെ എതിർക്കുന്നവർ യഥാർഥത്തിൽ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കർഷകരെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമനിർമാണം സർക്കാർ നടത്തിയത്. എന്നാൽ മറ്റ് ചിലർ സ്വന്തം കാര്യങ്ങൾക്കായി അതിനെ എതിർക്കുകയാണെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് മോദിയുടെ പ്രതികരണം.
കർഷകർ ബഹുമാനത്തോടെ കാണുന്ന കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും കത്തിച്ചുകൊണ്ട് പ്രതിഷേധക്കാർ അവരെ അപമാനിക്കുകയാണ്. പാർലമെൻറ് സമ്മേളനത്തിൽ കർഷകർക്ക് വേണ്ടിയും തൊഴിലാളികൾക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും വേണ്ടിയുമെല്ലാം നിരവധി പരിഷ്കരണങ്ങൾ കൊണ്ടുവന്നു. അതെല്ലാം രാജ്യത്തിനായി അവരെ ശക്തിപ്പെടുത്തിന് വേണ്ടിയായിരുന്നു. എന്നാൽ ചിലർ അതിനെതിരെ പ്രതിഷേധിക്കുന്നതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്- മോദി പറഞ്ഞു.
താങ്ങുവില സംബന്ധിച്ചും മറ്റുമെല്ലാം കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കർഷകർക്ക് എവിടെയും തെൻറ വിളകൾ വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. എന്നാൽ കർഷകർക്ക് ഇൗ സ്വാതന്ത്ര്യം അനുവദിക്കുന്നത് ചിലർക്ക് സഹിക്കുന്നില്ല. അവർക്ക് ഇടനിലക്കാരായി നിന്നുകൊണ്ട് ആദായമുണ്ടാക്കണം. അത്തരക്കാരുടെ ഒരു അവിഹിത വരുമാനം കൂടി ഇല്ലതാക്കിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ഗേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തിയ കർഷകർ ടാക്ടർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.