'പി.എം കെയേഴ്സ്' ഫണ്ടിൽനിന്നും നൽകിയ 150 വെൻറിലേറ്ററുകളിൽ 113ഉം തല്ലിപ്പൊളി; കേന്ദ്രം വിശദീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: 'പി.എം കെയേഴ്സ്' ഫണ്ടിൽനിന്നും നൽകിയ വെൻറിലേറ്ററുകൾ തകരാർ സംഭവിച്ചതും ഉപയോഗശൂന്യവുമാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച്. മറാത്ത്വാഡ മേഖലയിൽ നൽകിയ 150 വെൻറിലേറ്ററുകളിൽ 113ഉം തകരാർ സംഭവിച്ചതാണെന്നാണ് കണ്ടെത്തിയത്. അവശേഷിക്കുന്ന 37 എണ്ണവും പെട്ടിക്കുള്ളിൽ തന്നെയാണുള്ളത്.

വെന്റിലേറ്റർ വിതരണക്കാർക്കെതിരെ എന്തു നടപടിയെടുക്കുമെന്നും പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണുമെന്നും അറിയിക്കാനാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടത്.

ജീവൻ രക്ഷിക്കാനുള്ള ഉപകരണമാണ് വെൻറിലേറ്റർ. വെൻറിലേറ്ററുകളുടെ തകരാർ ജീവനുകളെ തന്നെ അപകടത്തിലാക്കും. സംഭവത്തെ ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത് - കോടതി വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം, റെംഡെസിവറിന്റെ കരിഞ്ചന്തയിലെ വിൽപന, സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിൻറെ ഭാഗമായി, പി.എം കെയേഴ്സിൽനിന്ന് ലഭിച്ച വെൻറിലേറ്ററുകൾ ഉപയോഗപ്രദമല്ലെന്ന പത്രവാർത്തകൾ അമിക്കസ്ക്യൂറി സത്യജിത്ത് ബോറ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്നാണ് ജസ്റ്റിസ് രവീന്ദ്ര ഗുജ്, ജസ്റ്റിസ് ബാലചന്ദ്ര ദെബാദ്വാർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയത്.

വെൻറിലേറ്ററുകളുടെ അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാറും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 17 വെൻറിലേറ്ററുകൾ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ അതീവ തകരാർ സംഭവിച്ചവയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്ത 41 വെൻറിലേറ്ററുകൾ ഉപയോഗിക്കാനാവില്ലെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ നൽകിയ കത്തും കോടതിയിൽ സമർപ്പിച്ചു.

വിതരണ കമ്പനിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ജനങ്ങളുടെ പണം ചെലവഴിച്ചാണ് ഇവ വാങ്ങുന്നതെന്നും ഔദാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ ആശുപത്രികൾക്ക് സംഭാവനയായി നൽകിയ 74 വെൻറിലേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നവയാണ് എന്നും കോടതി നിരീക്ഷിച്ചു.

കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - PM Cares’ ventilators: 113 of 150 ‘defective’, Bombay HC asks Centre to explain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.