കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം സമർപ്പിച്ചതിന് പിന്നാലെ താൻ മൂന്നാം വട്ടവും പ്രധാനമന്ത്രിയായാൽ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ‘ഇത് മോദിയുടെ ഗ്യാരന്‍റി’യാണ് എന്ന ഉറപ്പും പ്രധാനമന്ത്രി നൽകിയിരുന്നു. ഇന്‍റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം. മോദിയുടെ ഗ്യാരന്‍റി ചർച്ചയായതോടെ ഗ്യാരന്‍റിയുടെ ആവശ്യമില്ലെന്നും ഇന്ത്യ സമ്പദ് വ്യവസ്ഥയിൽ മെച്ചപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ മോദി പ്രത്യേകിച്ച് കഠിനപ്രയത്നം നടത്തേണ്ടതില്ലെന്ന പൊതുഅഭിപ്രായങ്ങൾ നിലനിൽക്കെ ചില റിപ്പോർട്ടുകളും ചാർട്ടുകളും പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ പങ്കജ് പച്ചൗരിയും രംഗത്തെത്തിയിരുന്നു. നേരത്തെ പുറത്തുവന്ന പല റിപ്പോർട്ടുകൾ പ്രകാരവും ഇന്ത്യ 2023ഓടെ പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഒന്നാകുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നതെന്നും എന്നാൽ മോദി സർക്കാറിന്‍റെ ഭരണ ‘മികവിനാൽ’ ഈ ഉറപ്പ് നടപ്പാകാൻ 2027വരെ കാത്തിരിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2022ഓടെ രാജ്യത്തെ ജി.ഡി.പി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്ന് 'ഫോർച്ച്യൂണി'ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇൻഫോഗ്രാഫിക്സ് ഡിസൈനറായ നിക്കോളാസ് റാപ്പും ഫോർച്ച്യൂണിന്‍റെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ബ്രയാൻ ഒകീഫും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി അവസാനം നൽകിയ ഗ്യാരന്‍റിയെ പോലെ മറ്റ് പല ഗ്യാരന്‍റികളും ഒമ്പത് വർഷത്തെ ഭരണത്തിൽ മോദി നൽകിയിരുന്നു.
2014ൽ അധികാരത്തിലെത്തുമ്പോൾ അഞ്ച് വർഷത്തിനകം ജനങ്ങൾക്ക് അച്ഛേ ദിൻ അഥവാ നല്ല ദിനങ്ങൾ നൽകുമെന്നായിരുന്നു പ്രധാനമന്ത്രി നൽകിയ ഉറപ്പ്. എന്നാൽ അഞ്ച് വർഷം പിന്നിട്ട് രാജ്യം അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടി തയാറെടുത്തുവെന്നത് മാറ്റിനിർത്തിയാൽ മോദി പറഞ്ഞ അച്ഛേ ദിൻ ജനങ്ങൾ തിരഞ്ഞതല്ലാതെ കണ്ടുകിട്ടിയില്ല എന്നതാണ് വാസ്തവം. 2019ൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അച്ഛേ ദിന്നിന് പകരം പുതിയ ഇന്ത്യ തന്നെ നൽകുമെന്നായിരുന്നു മോദി നൽകിയ ഉറപ്പ്. 2019ലും ബി.ജെ.പി വിജയിച്ചതോടെ വാഗ്ദാനം പിന്നെയും മാറി 2024ൽ അഞ്ച് ട്രില്യൺ സമ്പദ്ഘടന എന്നായി.
2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു അധികാരത്തിലെത്തിയാൽ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നത്. എന്നാൽ അധികാരത്തിലെത്തി ഒമ്പത് വർഷം പൂർത്തിയാകാനായിട്ടും ആ വാഗ്ദാനം ഇപ്പോഴും നടപ്പാക്കാൻ സർക്കാറിനായിട്ടില്ല. ഭക്ഷണപദാർത്ഥങ്ങളുടെ വിലയിൽ കുറവുണ്ടാകുമെന്ന് ഉറപ്പ് നൽകിയ മോദി തെരഞ്ഞെടുപ്പ് കാലത്ത് ആവർത്തിച്ച് പറഞ്ഞ വാചകമായിരുന്നു രാജ്യത്ത് വിശന്ന വയറുമായി ആരും കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടാകില്ല എന്ന്. ‘‘ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ പണപ്പെരുപ്പം നിയന്ത്രിക്കും. ഇത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് അജണ്ടയായത് കൊണ്ട് മാത്രമല്ല. രാജ്യത്തെ ഓരോ പൗരനും ആവശ്യമായ ഭക്ഷണം ഉറപ്പാക്കണമെന്ന നിർബന്ധമാണ്’’ -എന്നായിരുന്നു അന്ന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഈ കാലഘട്ടത്തിൽ ആഗോള പട്ടിണി സൂചികയിൽ പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളേക്കാൾ മോശമായിരുന്നു ഇന്ത്യയിലെ സാഹചര്യങ്ങൾ എന്നാണ് റിപ്പോർട്ട്.
2022ഓടെ ഇന്ത്യയിലെ കർഷകരുടെ വരുമാനം രണ്ടിരട്ടിയായി വർധിപ്പിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. എന്നാൽ 2023 അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയും വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. 2017-18 കാലയളവിൽ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തെ കുറിച്ച് പ്രധാനമന്ത്രി വാചാലനാകുമ്പോഴും രാജ്യത്തെ പല ഭാഗത്തും ശുചിമുറി പോലുമില്ലാത്ത വീടുകളുണ്ട് എന്നതാണ് വാസ്തവം. രാജ്യത്തെ 19 ശതമാനം വീടുകൾക്കും ശുചിമുറിയില്ലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രാജ്യത്ത് എല്ലാ പ്രദേശങ്ങളിലും ശുചിമുറി സംവിധാനം ഒരുക്കിയെന്ന് വേദികൾ തോറും പ്രസംഗിച്ച പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും വാക്കുകൾക്കേറ്റ ക്ഷതമായിരുന്നു എൻ.എഫ്.എച്ച്.എസിന്‍റെ റിപ്പോർട്ട്. രാജ്യത്ത് 40 ശതമാനത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധമായ പാചകവാതക ഇന്ധനം ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ പാചകവാതകം ലഭ്യമാക്കാത്തത് 57 ശതമാനത്തോളം കുടുംബങ്ങൾക്കാണ്. അതായത് ഗ്രാമീണ മേഖലകളിലെ ശരാശരി ജനസംഖ്യയുടെ പകുതിയിലധികം എന്ന് സാരം. രാജ്യത്ത് അനീമിയ പോലുള്ള രോഗങ്ങളുടെ എണ്ണം ഉയരുകയാണെന്നും റിപ്പോർട്ടിലുണ്ട്. ശക്തവും പോസിറ്റീവുമായ, സർക്കാറിന് ഗുണം ചെയ്യുന്ന കണക്കുകളിൽ മാത്രം വിശ്വസിക്കുന്ന കേന്ദ്ര സർക്കാറിന് റിപ്പോർട്ട് അരോചകമാവുകയും ഇൻ്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐ.ഐ.പി.എസ്) തലവനായ കെ.എസ് ജെയിംസിനെ പുറത്താക്കിയതും വാർത്തയായിരുന്നു.
നടപ്പാക്കാത്ത നിരവധിയനവധി വാഗ്ദാനങ്ങൾ നിലനിൽക്കെ മോദി ‘ഗ്യാരന്‍റി’ നൽകിയ സമ്പദ് വ്യവസ്ഥയിലെ കുതിച്ചുചാട്ടത്തിന്‍റെ ആയുസ് എത്രകാലമാണെന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.