‘മോദിക്ക് ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനാകില്ല’; മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്

ന്യൂഡൽഹി: മണിപ്പൂരിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രിയോട് ചോദ്യങ്ങളുയർത്തി കോൺഗ്രസ്. മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയും സംസ്ഥാനത്തെ സാമൂഹിക സൗഹാർദം തകരുകയും ചെയ്തിട്ട് 175 ദിവസമായെന്നും മണിപ്പൂർ ജനതയെ പൂർണമായും അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി എങ്ങനെയാണ് മണിപ്പൂരിനെ അവഗണിച്ചതെന്ന് മുഴുവൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. എം.എൽ.എമാരിൽ കൂടുതൽ പേരും സ്വന്തം പാർട്ടിയിൽ നിന്നായിട്ടും അവരോടൊ മുഖ്യമന്ത്രിയോടോ പ്രധാനമന്ത്രി എന്തുകൊണ്ടാണ് കൂടിക്കാഴ്ച നടത്താത്തത്?. ലോക്‌സഭയിൽ മണിപ്പൂരിനെ പ്രതിനിധീകരിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് എന്തുകൊണ്ടാണ് പ്രധാനമന്ത്രിയെ കാണാൻ കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചു.

എല്ലാ വിഷയങ്ങളും അറിയുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് മണിപ്പൂരിനെക്കുറിച്ച് പരമാവധി 4-5 മിനിറ്റിലധികം പ്രതിപക്ഷത്തിന്റെ കടുത്ത സമ്മർദത്തിന് ശേഷവും പരസ്യമായി സംസാരിക്കാൻ കഴിയാത്തത്? യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ തന്റെ ആശങ്ക പ്രകടിപ്പിക്കാൻ കുറച്ച് മണിക്കൂറുകൾ അവിടെ ചെലവഴിക്കുന്നത് പോലും അനുയോജ്യമാണെന്ന് തോന്നാത്തത് എന്തുകൊണ്ടെന്നും ജയ്റാം രമേശ് ചോദിക്കുന്നു.

മണിപ്പൂരിൽ വളരെ മോശം അഭിപ്രായമുള്ള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് തുടരാൻ അനുവദിക്കുന്നതെന്നതും കോൺഗ്രസിന്‍റെ ചോദ്യങ്ങളിൽ ഉൾപ്പെടുന്നു. മണിപ്പൂർ പ്രതിസന്ധി മോദി സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെയും കോൺഗ്രസ് വിമർശിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - PM Modi cannot escape accountability by completely ignoring Manipur crisis: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.