ബംഗളൂരു: മംഗളൂരു സെൻട്രൽ-മഡ്ഗാവ് ജങ്ഷൻ-മംഗളൂരു സെൻട്രൽ (20646/20645), കോയമ്പത്തൂർ ജങ്ഷൻ-ബംഗളൂരു കന്റോൺമെന്റ്-കോയമ്പത്തൂർ ജങ്ഷൻ (20642/20641)വന്ദേഭാരത് എക്സ്പ്രസുകളുടെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഞായറാഴ്ച മുതലും കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് തിങ്കളാഴ്ച മുതലും പതിവ് സർവിസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെ 11ന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആഘോഷമായി പുറപ്പെട്ട ഉദ്ഘാടന സ്പെഷൽ സർവിസ് തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6.30 ഓടെ ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തി. തിങ്കളാഴ്ച മുതൽ പതിവ് സർവിസ് ആരംഭിക്കുന്ന ട്രെയിൻ വ്യാഴാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും സർവിസ് നടത്തും. ഈറോഡിൽ അഞ്ചും സേലത്ത് മൂന്നും മറ്റു സ്റ്റേഷനുകളിൽ രണ്ടും മിനിറ്റ് വീതം സ്റ്റോപ്പുണ്ടാവും.
മംഗളൂരു സെൻട്രൽ-മഡ്ഗാവ് വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനദിനത്തിലെ സ്പെഷൽ സർവിസ് രാവിലെ 8.30ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ടു. 319 കിലോമീറ്റർ ദൂരം മണിക്കൂറിൽ ശരാശരി 67 കിലോമീറ്റർ വേഗത്തിൽ നാലു മണിക്കൂറും 45 മിനിറ്റുംകൊണ്ടാണ് ഈ ട്രെയിൻ ലക്ഷ്യത്തിലെത്തുക. വ്യാഴാഴ്ചകളിൽ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവിസ് നടത്തും. കാർവാറിലും ഉഡുപ്പിയിലും രണ്ടു മിനിറ്റ് വീതം സ്റ്റോപ്പുണ്ടാവും. ചെയർകാർ സീറ്റിന് മംഗളൂരുവിൽനിന്ന് മഡ്ഗാവിലേക്ക് 1330ഉം എക്സിക്യൂട്ടിവ് ചെയർകാറിന് 2350 രൂപയുമാണ് നിരക്ക്. മംഗളൂരു റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് ബി.ജെ.പി നേതാവ് നളിൻ കുമാർ കട്ടീൽ എം.പി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.