ഹിൻഡൻബർഗ് റിപ്പോർട്ട്: ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്, ഇന്ന് 20 വാർത്ത സമ്മേളനങ്ങൾ നടത്തും

ന്യൂഡൽഹി: ഹിൻഡൻബർഗ്-അദാനി-സെബി വിവാദ വിഷയത്തിൽ സംയുക്ത പാർല​മെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ബുധനാഴ്ച രാജ്യത്തുടനീളം 20 വാർത്ത സമ്മേളനങ്ങൾ നടത്തുമെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച്ചാണ് രംഗത്തെത്തിയത്.

എന്നാൽ മാധബി പുരി ബുച്ചിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ എല്ലാ നിയമങ്ങളും പാലിക്കുന്നുവെന്ന് അവകാശപ്പെട്ട് അദാനി ഗ്രൂപ്പ് ആരോപണങ്ങൾ തള്ളിയിരുന്നു. നിയമങ്ങൾ ലംഘിച്ച് സെബി മേധാവി മാധബി പുരി ബുച്ച് വരുമാനം നേടിയതായി രേഖകൾ വ്യക്തമാക്കുന്നു.

മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അദാനിയുടെ ഓഹരിത്തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിൽ ‘സെബി’ കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Hindenburg report: Congress to hold 20 press conferences today to demand JPC probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.