ബംഗളൂരു: ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് കേന്ദ്രത്തിന്റെയല്ല; രാഷ്ട്രപതിയുടെ പ്രതിനിധിയായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ചൊവ്വാഴ്ച ബംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരണ അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുകയും തന്നിഷ്ടംപോലെ പ്രവർത്തിക്കുകയുമല്ല ചെയ്യേണ്ടത്. ഗവർണർ എന്നത് ഭരണഘടനാ പദവിയാണ്. അതിനെ ബഹുമാനിക്കണം. അദ്ദേഹം രാഷ്ട്രപതിയുടെ പ്രതിനിധിയായാണ് പ്രവർത്തിക്കേണ്ടത്, അല്ലാതെ കേന്ദ്ര സർക്കാറിന്റെ പ്രതിനിധിയായല്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീസായി വെങ്കടേശ്വര മിനറൽസുമായി ബന്ധപ്പെട്ട ഖനന അഴിമതി കേസിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ വിചാരണ ചെയ്യാൻ 2023 നവംബർ 23ന് കർണാടക ലോകായുക്ത ഗവർണറിൽനിന്ന് അനുമതി തേടിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. കുമാരസ്വാമിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി ഓംബുഡ്സ്മാൻ തിങ്കളാഴ്ച വീണ്ടും ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. 2007ൽ മുഖ്യമന്ത്രിയായിരിക്കെ, നിയവിരുദ്ധമായി സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നൽകിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ബി.ജെ.പിയുടെ മുൻ മന്ത്രിമാരായ ഗാലി ജനാർദന റെഡ്ഡി, ശശികല ജോലെ, മുരുകേഷ് നിറാനി എന്നിവരെ വിചാരണ ചെയ്യാനുള്ള ലോകായുക്തയുടെ കത്തിലും ഗവർണർ നടപടിയെടുത്തിട്ടില്ല.
അതേസമയം, തനിക്കെതിരെ ടി.ജെ. അബ്രഹാം ജൂലൈ 26ന് രാവിലെ 11ന് ഗവർണർക്ക് പരാതി നൽകി പത്തുമണിക്കൂറിനകം ഗവർണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇത് വിവേചനമല്ലേ? അതുകൊണ്ടാണ് ഗവർണർ ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് തന്നിഷ്ടം പോലെ പ്രവർത്തിക്കരുതെന്നും പറയുന്നതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു നഗരപ്രാന്തത്തിലുള്ള നാല് ഏക്കറോളം വരുന്ന ഭൂമിക്ക് പകരം ഉയർന്ന വിലയുള്ള പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി-എസും ആരോപണമുയർത്തുന്നത്. ഈ ഇടപാട് വഴി 4,000 മുതൽ 5000 കോടിയുടെ അഴിമതി നടന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാര ദുർവിനിയോഗം നടത്തിയതായും അവർ ആരോപിക്കുന്നു. എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായ ഭൂമി 14 ഇടങ്ങളിലായി പകരം മുഡ നൽകുകയും ചെയ്തെന്നാണ് സിദ്ധരാമയ്യയുടെ വാദം. 2021ൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കെയാണ് ഈ കൈമാറ്റം നടന്നതെന്നും സിദ്ധരാമയ്യ വാദിക്കുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ്, 2023ലെ ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ 218 വകുപ്പ് എന്നിവ ചൂണ്ടിക്കാട്ടി ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ വിചാരണ അനുമതി പുറപ്പെടുവിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈകോടതി തുടർനടപടി തടഞ്ഞ് ഇടക്കാല ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.