ന്യൂഡൽഹി: രാജ്യത്തെ മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോട് മാപ്പുപറയണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ അമർത്യ സെൻ. ഓൺലൈൻ മാധ്യമമായ ‘ദ വയറി’ന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ചത് വലിയ തെറ്റാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്ര വാദത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ മോദിയുടെ മനസ്സിന്റെ പരിമിതികളെയാണ് കാണിക്കുന്നത്. മുസ്ലിംകളെ ഒന്നാകെ അപമാനിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാടുകൾ. ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കൽപത്തിൽ വലിയ ആശങ്കയുണ്ടെന്നും അമർത്യ സെൻ പറഞ്ഞു.
തന്റേത് ജൈവിക ജന്മമല്ലെന്നും ദൈവിക നിയോഗവുമായി ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള മോദിയുടെ അവകാശവാദം അസംബന്ധവും വ്യാമോഹവുമാണ്.
മൂന്നുവട്ടം പ്രധാനമന്ത്രിയെന്ന നെഹ്റുവിന്റെ റെക്കോഡിന് തുല്യനായിയെന്ന അദ്ദേഹത്തിന്റെ അവകാശവാദം വങ്കത്തമാണെന്നും സെൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പൊരുത്തപ്പെടാനാവാത്തതുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ് മോദി. എന്താണ് ലോകത്ത് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പോലും ധാരണയില്ലാത്ത അവസ്ഥയിലാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.