ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ വെൻറിലേറ്ററുകൾ എത്രത്തോളം സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്ന് പരിശോധിക്കാൻ അടിയന്തര ഓഡിറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ചില സംസ്ഥാനങ്ങൾക്കു നൽകിയ വെൻറിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണിത്. വെൻറിലേറ്ററുകളുടെ പ്രവർത്തനത്തിന് ആവശ്യമായ പരിശീലനം ആരോഗ്യപ്രവർത്തകർക്ക് നൽകാനും അദ്ദേഹം നിർദേശിച്ചു.
പഞ്ചാബിലെ ഫരീദ്കോട്ട് ആശുപത്രിയിൽ കേന്ദ്രം നൽകിയ വെൻറിലേറ്റർ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പി.എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെൻറിലേറ്റർ തുടക്കത്തിൽ തന്നെ കേടായതിനാൽ ഉപയോഗിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ആരോഗ്യമന്ത്രാലയം തള്ളുകയും ചെയ്തു. ഔറംഗാബാദിൽനിന്നും ഇത്തരത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ നിർദേശം. ഗ്രാമീണ മേഖലയിൽ കോവിഡ് പടരുന്ന സാഹചര്യം മുൻനിർത്തി ചികിത്സാ സൗകര്യങ്ങൾ അവിടേക്ക് കൂടുതലായി ലഭ്യമാക്കണമെന്ന് ശനിയാഴ്ച നടത്തിയ ഉന്നതതല യോഗത്തിൽ മോദി പറഞ്ഞു. വീടുവീടാന്തരം പരിശോധനയും നിരീക്ഷണവും നടക്കണം. പ്രാദേശികമായ കോവിഡ് നിയന്ത്രണ മാർഗങ്ങളാണ് ഇപ്പോൾ ഉണ്ടാകേണ്ടത്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളും ജില്ലകളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കോവിഡ് ബാധിതർ, മരിക്കുന്നവർ തുടങ്ങിയവരുടെ കണക്കുകൾ കൂടുതൽ സുതാര്യമായി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്യണം. സംഖ്യ ഉയർന്നുനിന്നാൽ ശ്രമങ്ങൾ മോശമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്ന കാഴ്ചപ്പാട് വെച്ച് മുന്നോട്ടുനീങ്ങരുത്. മരണ സംഖ്യ പല സംസ്ഥാനങ്ങളും കുറച്ചുകാണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിയുടെ പരാമർശം.
ഗ്രാമീണ മേഖലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ വിതരണ പദ്ധതി തയാറാക്കണം. ഓക്സിജൻ കോൺസൻട്രേറ്ററുകളും മറ്റു സാമഗ്രികളും പ്രവർത്തിപ്പിക്കാൻ ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കണം. കഴിഞ്ഞവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മേഖലകളിലേക്ക് കോവിഡ് പടരുകയാണ്. ടെസ്റ്റിങ് കൂട്ടണമെന്നും മോദി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.