ദിഫു (അസം): വടക്കുകിഴക്കൻ മേഖലയിൽനിന്ന് അഫ്‌സ്പ (പ്രത്യേക സൈനികാധികാര നിയമം) പൂർണമായും പിൻവലിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'സമാധാനം, ഐക്യം, വികസനം' റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എട്ടു വർഷമായി ഈ മേഖലയിൽ ക്രമസമാധാനനില മെച്ചപ്പെട്ടതിനാൽ വിവിധ ഭാഗങ്ങളിൽ ബാധകമായ അഫ്സ്പ പിൻവലിക്കും. മേഖലയിലെ അക്രമം 75 ശതമാനം കുറഞ്ഞു. ആദ്യം ത്രിപുരയിലും പിന്നീട് മേഘാലയയിലും അഫ്‌സ്പ റദ്ദാക്കി. എട്ടു വർഷമായി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനാൽ, മിക്ക ഭാഗങ്ങളിൽനിന്നും അഫ്‌സ്പ നീക്കി. ശേഷിക്കുന്ന ഇടങ്ങളിൽ പിൻവലിക്കാൻ ശ്രമം പുരോഗമിക്കുന്നു -പ്രധാനമന്ത്രി പറഞ്ഞു.
നാഗാലാൻഡിലെയും മണിപ്പൂരിലെയും ചില പ്രദേശങ്ങളിൽ നിയമം ബാധകമാണ്. പൂർണമായും പിൻവലിക്കാനാണ് സർക്കാർ ശ്രമം -അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം ഏപ്രിൽ ഒന്നു മുതൽ നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവിടങ്ങളിൽ അഫ്‌സ്പ ഏർപ്പെടുത്തിയ പ്രദേശങ്ങൾ കുറക്കുന്നതായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 2020ലെ ബോഡോ ഉടമ്പടി മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കി, ത്രിപുരയിൽ, എൻ.എൽ.എഫ്.ടിയും സമാധാനത്തിനായി മുന്നോട്ടു വന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ബ്രൂ-റിയാങ് പ്രശ്നം പരിഹരിച്ചു'' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.