ചെന്നൈ: അഴിമതിക്ക് സർവകലാശാലയുണ്ടെങ്കിൽ അതിന്‍റെ ചാൻസിലറാണ് മോദിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിലെ കുടുംബ രാഷ്ട്രീയത്തെയും അഴിമതിയെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇലക്ടറൽ ബോണ്ടുകൾ, പി.എം കെയേഴ്സ് ഫണ്ട്, കളങ്കിതരായ നേതാക്കളെ കാവിവൽക്കരിക്കുന്ന തന്ത്രം എന്നിവയൊക്കെ അതിന് തെളിവാണെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഡി.എം.കെ തമിഴ് സംസ്‌കാരത്തിന് എതിരാണ് എന്ന് പ്രധാനമന്ത്രിയുടെ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ട്‌സ്ആപ്പ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് പഠിക്കരുതെന്നും തുടർച്ചയായി മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായാൽ ഇന്ത്യയിൽ ജനാധിപത്യം ഉണ്ടാകില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ തിരിച്ചുവരുന്നത് ഏകാധിപത്യ ഭരണം സ്ഥാപിക്കുന്നതിന് മാത്രമായിരിക്കും. പാർലമെന്‍റിൽ ചർച്ചകളോ തെരഞ്ഞെടുപ്പുകളോ ഉണ്ടാകില്ല. ഒരു ഭാഷയും ഒരു വിശ്വാസവും ഒരു സംസ്കാരവും മാത്രമേ ഉണ്ടാകൂ. പ്രധാനമന്ത്രി സാമൂഹിക നീതിയെ കുഴിച്ചുമൂടുമെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.
പ്രധാനമന്ത്രി ജനങ്ങളെ മതത്തിന്‍റെ പേരിൽ ഭിന്നിപ്പിക്കുകയാണെന്നും മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയല്ലാതെ മറ്റൊന്നുമല്ലെന്ന് കോൺഗ്രസ് പ്രകടനപത്രികയെ വിമർശിച്ചത് അദ്ദേഹത്തിന്‍റെ ഭിന്നിപ്പും വർഗീയ രാഷ്ട്രീയവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ തന്‍റെ ഭരണകാലത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തേടാൻ മോദിക്ക് കഴിയില്ലെന്നും മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യത്ത് സമാധാനമുണ്ടാകില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.