ഭോപ്പാൽ: സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ഇൻഡ്യ സഖ്യം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ സഖ്യത്തിന് നേതാവില്ല. ഇന്ത്യൻ സംസ്കാരത്തെ ആക്രമിക്കാനുള്ള ഗൂഢപദ്ധതി സഖ്യത്തിനുണ്ടെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ബിനയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം.
സ്വാമി വിവേകാനന്ദനും ലോകമാന്യ ബാലഗംഗാധര തിലകനും പ്രചോദനം നൽകിയത് സനാതന ധർമ്മമാണ്. ഇന്ന് സനാതന ധർമ്മത്തെ അവർ നേരിട്ട് ലക്ഷ്യംവെക്കുകയാണ്. നാളെ നമുക്കെതിരായ ആക്രമണം അവർ കൂടുതൽ ശക്തമാക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. സനാതന ധർമ്മത്തെ പിന്തുണക്കുന്ന എല്ലാവരും ജാഗ്രതയോടെ ഇതിനെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റേയും സംസ്ഥാനങ്ങളുടേയും വികസനത്തിന് സർക്കാറുകൾ സുതാര്യതയോടും അഴിമതിരഹിതമായും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ദീർഘകാലം മധ്യപ്രദേശ് ഭരിച്ച പാർട്ടി അഴിമതിയല്ലാതെ സംസ്ഥാനത്തിന് മറ്റൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയുടെ വിജയം 140 കോടി ജനങ്ങളുടേയും വിജയമാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ കരുത്താണ് തെളിയിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യവും സംസ്കാരവും ജി20 നേതാക്കളിൽ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.