‘മോദിക്ക് അഴിമതി വിഷയമല്ല, കശ്മീരിനെ കുറിച്ച് ധാരണയില്ല, പുൽവാമ വിഷയത്തിൽ മിണ്ടരുതെന്ന് പറഞ്ഞു’- മുൻ കശ്മീർ ഗവർണറുടെത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

കശ്മീർ വിഷയത്തിൽ മോദി സർക്കാറിനും ബി.ജെ.പിക്കുമെതിരെ അവസാന ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയത് കടുത്ത വിമർശനങ്ങൾ. കരൺ ഥാപറിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ​മോദിക്ക് അഴിമതി വിഷയമേയല്ലെന്നും കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും സത്യപാൽ മാലിക് പറയുന്നു.

‘രാജ്നാഥ് സിങ് കേന്ദ്ര മന്ത്രിയായിരിക്കെയായിരുന്നു പുൽവാമ ആക്രമണം. ജവാന്മാരെ കൊണ്ടുപോകാൻ വിമാനങ്ങൾ വേണമെന്ന് സി.ആർ.പി.എഫ് ആവശ്യപ്പെട്ടതാണ്. അഞ്ചു വിമാനങ്ങൾ മാത്രമായിരുന്നു ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ല. ജവാന്മാരെ കൊണ്ടുപോകുന്ന ഹൈവേയുമായി ബന്ധിക്കുന്ന മറ്റു റോഡുകൾ അടച്ചിടാൻ നിർദേശിച്ചെങ്കിലും ചെവി കൊണ്ടില്ല. കോർബെറ്റ് പാർക് സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി മോദി​ തൊട്ടുടൻ ത​ന്നെ വിളിച്ചിരുന്നു. കടുത്ത വീഴ്ചകളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും മിണ്ടാതിരിക്കണമെന്നും ആരോടും പറയരുതെന്നുമായിരുന്നു നിർദേശം. മോദി വിളിച്ചതിന് സമാനമായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിളിച്ചു. അദ്ദേഹത്തോടും ഇതേ വിഷയങ്ങൾ ഓർമിപ്പിച്ചു. അദ്ദേഹവും മിണ്ടാതിരിക്കാനാണ് പറഞ്ഞത്. അതോടെ, പാകിസ്താനെ കുറ്റപ്പെടുത്തി സർക്കാറിനും ബി.ജെ.പിക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാൽ മാലിക് പറഞ്ഞു.

‘പുൽവാമയിൽ നൂറുശതമാനവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്. 300 കിലോ ആർ.ഡി.എക്സ് ​സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജമ്മു കശ്മീരിലെ ഗ്രാമങ്ങളിലും നിരത്തുകളിലുമായി ചുറ്റിക്കറങ്ങിയത് 10-12 ദിവസങ്ങൾ. എന്നിട്ടും കണ്ടുപിടിക്കപ്പെട്ടില്ല. ഒരാളും അറിഞ്ഞുമില്ല’.

കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും സത്യപാൽ മാലിക് കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തെറ്റാണെന്നും ഉടൻ പുനഃസ്ഥാപിക്ക​പ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാന പദവി എടുത്തുകളയുന്നതിനെ കുറിച്ച് നേരത്തെ തനിക്ക് അറിവ് ലഭിച്ചിട്ടീല്ല. സംഭവിക്കാൻ പോകുന്നുവെന്ന് ധാരണയുണ്ടായിരുന്നു. ‘(370ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയുന്നതിന്) ഒരു ദിവസം മുമ്പ് ആഭ്യന്തര മന്ത്രിയുടെ ഒരു വിളിവന്നു. ഒരു കത്ത് അയക്കുന്നുണ്ടെന്നും ബന്ധ​പ്പെട്ട സമിതിയെ കൊണ്ട് ഉടൻ അംഗീകാരം നൽകി പിറ്റേന്ന് 11 മണിക്ക് മുമ്പ് തിരിച്ചയക്കണമെന്നുമായിരുന്നു നിർദേശം’’.

നിരവധി അഴിമതി വിഷയങ്ങൾ സൂചിപ്പിച്ചതിനാണ് 2020 ആഗസ്റ്റിൽ ഗോവ ഗവർണർ പദവിയിൽനിന്ന് മാറ്റി മേഘാലയയിലേക്ക് തന്നെ മാറ്റിയതെന്നും സത്യപാൽ മാലിക് ആരോപിച്ചു. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ളവർ അഴിമതി കാണിക്കുകയാണ്. ​പ്രസിഡന്റ്​ ദ്രൗപദി മുർമു അംഗീകാരം നൽകുന്ന നിയമനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണെന്നും സത്യപാൽ മാലിക് ആരോപിച്ചു.

2018 നവംബറിൽ മഹ്ബൂബ മുഫ്തി മന്ത്രിസഭ രൂപവത്കരണ ശ്രമങ്ങൾ അവസാന ഘട്ടം വരെ എത്തിച്ചിട്ടും അംഗീകരിക്കാതെ സഭ പിരിച്ചുവിട്ടതിനെ മുൻ ഗവർണർ ന്യായീകരിച്ചു. 87 അംഗ സഭയിൽ 56 പേരുടെ പിന്തുണ അറിയിച്ചായിരുന്നു മഹ്ബൂബ അവകാശവാദം ഉന്നയിച്ചത്. എന്നാൽ, അവർ കള്ളം പറയുകയാണെന്നും പിന്തുണ വാഗ്ദാനം ചെയ്തെന്നു പറഞ്ഞ കക്ഷികൾ തന്നെ വിളിച്ച് സഭ പിരിച്ചുവിടാനാണ് ആവശ്യപ്പെട്ടതെന്നുമാണ് മുൻ ഗവർണറുടെ വാദം.

ജമ്മു കശ്മീരിൽ ഒരു ജല വൈദ്യുതി പദ്ധതിക്ക് അംഗീകാരം നൽകാൻ ബി.ജെ.പി- ആർ.എസ്.എസ് നേതാവ് തന്നെ സമീപിച്ചെന്നും താൻ അംഗീകാരം നൽകിയില്ലെന്നുമുള്ള പഴയ ആരോപണം ഈ അഭിമുഖത്തിലും സത്യപാൽ മാലിക് ആവർത്തിക്കുന്നു.

മേഘാലയ ഗവർണറായിരിക്കെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇടപെടലുകൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് നേരത്തെ രംഗത്തെത്തിയ ആളാണ് സത്യപാൽ മാലിക്.

Tags:    
News Summary - PM Modi silenced me on lapses leading to Pulwama attack: Satya Pal Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.