ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന് സാർക് രാജ്യങ്ങൾ പ്രേത്യക ഫണ്ടുണ്ടാക്കണമെന്നും അതിലേക്ക് ഒരു കോടി ഡോ ളർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സാർക് രാഷ്ട്രത്തലവൻമാർ നടത്തിയ വീഡിയോകോൻഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാർക് കൂട്ടായ്മയിലുള്ളത്. 150 ഒാളം പേർക്കാണ് മേഖലയിൽ ഇതുവരെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിന് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപടികളെടുക്കുന്നത് ആലോചിക്കാനായിരുന്നു വീഡിയോ കോൺഫറൻസ്.
വൈറസ് വ്യാപനം തടയുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച പ്രധാനമന്ത്രി, അവ മറ്റു രാജ്യങ്ങൾക്ക് പരിശീലിപ്പിക്കാനും ഒരുക്കമാണെന്ന് അറിയിച്ചു. രോഗീ നിരീക്ഷണത്തിന് പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചതായും അവ സാർക്ക് രാജ്യങ്ങളുമായി പങ്കിടാമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്സ, മാലദ്വീപ് പ്രസിഡൻറ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിങ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി, പാകിസ്താൻ പ്രധാനമന്ത്രിയുടെ ആരോഗ്യ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി സഫർ മിർസ എന്നിവർ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.