കാശി 'കത്തിച്ച്​' ഹിന്ദുത്വ തീവ്രവാദം വോട്ടാക്കി മാറ്റാൻ 'ഭവ്യകാശി ദിവ്യകാശി'യുമായി ബി.ജെ.പി

അയോധ്യ വിഷയം അടഞ്ഞ അധ്യായമായിരിക്കെ കൂടുതൽ തീവ്രമായി കാശി വിഷയം ഉയർത്തിക്കൊണ്ടു വരാൻ ഒരുക്കങ്ങൾ തുടങ്ങി ബി.ജെ.പി. ഹിന്ദുത്വത്തിൽ ഉൗന്നിയ ദേശീയത കൂടുതൽ കത്തിച്ച്​ വോട്ടാക്കി മാറ്റുകയാണ്​ ഇക്കുറിയും ലക്ഷ്യമെന്ന്​ പ്രകടമായി. കർഷക പ്രക്ഷോഭം അടക്കമുള്ള ഭരണ പരാജയ വിഷയങ്ങൾ വരും തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകാതെ കാശി വിഷയം കത്തിച്ചു നിർത്താനാണ്​ ബി.ജെ.പിയുടെ കേന്ദ്ര തീരുമാനം. ഇതിനുള്ള പണികളും അണിയറയിൽ തയ്യാറായിത്തുടങ്ങിയിട്ടുണ്ട്​ എന്നാണ്​ ലഭ്യമാകുന്ന വിവരം.

ഡിസംബർ 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന്​ കാശിയിൽ 'ഔ​േദ്യാഗിക' തുടക്കം കുറിക്കും. 13ന് രാജ്യം മുഴുവൻ കാശി ക്ഷേത്രവുമായി ബന്ധ​പ്പെട്ട പരിപാടി നടത്താനാണ്​ ബി.ജെ.പി ഒരുങ്ങുന്നത്​. കേരളത്തിലും പരിപാടികൾ അരങ്ങേറും. തീവ്ര ഹിന്ദുത്വയിൽ വെള്ളം ചേർക്കേണ്ടതില്ല എന്നാണ്​ കേരളത്തിലെ ഘടകത്തിനും നൽകിയിരിക്കുന്ന നിർദേശം. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തൽസമയം കാണിക്കുന്നതിനും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ സംഘടിപ്പിക്കാനും ബി.ജെ.പി കേന്ദ്ര സമിതി നിർദേശിച്ചുകഴിഞ്ഞു.

'ഭവ്യ കാശി, ദിവ്യ കാശി' എന്ന പേരിലാണ് ചടങ്ങ്. പ്രധാനമന്ത്രി 2019ൽ തറക്കല്ലിട്ട 1,000 കോടിയുടെ പദ്ധതികളുടെ പൂർത്തീകരണമാണ് ചടങ്ങ്. രാജ്യത്തെ 50,000 പ്രദേശങ്ങളിൽ ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥലങ്ങളിലും ചടങ്ങ് നടത്തും. കേരളത്തിൽ 280 സ്​ഥലങ്ങളിലാണ്​ ചടങ്ങ് നടത്തുന്നത്​. ഉത്തർ പ്രദേശ്​ തെരഞ്ഞെടുപ്പ്​ മുതൽ വിഷയം കൂടുതൽ കത്തിക്കാനാണ്​ തീരുമാനം. ഹിന്ദുത്വം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം രാജ്യമാകെ എത്തിക്കുകയെന്ന പരിപാടിക്കാണ് ബി.ജെ.പി ഇതോടെ തുടക്കമിടുന്നത്. മോദിയുടെ പരിപാടി 50,000 കേന്ദ്രങ്ങളിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. കാശി, മഥുര വിഷയങ്ങൾ കത്തിക്കുന്നതോടൊപ്പം 2024ൽ നടക്കുന്ന ​പാർലമെന്‍റ്​ തെര​ഞ്ഞെടുപ്പിൽ ബാബരി മസ്​ജിദ്​ പൊളിച്ച്​ രാമക്ഷേത്രം പണിയുന്നത്​ 'വിജയ'ത്തിന്‍റെ അടയാളമായി ഉയർത്തിക്കാട്ടാനും ബി.ജെ.പി ഒരുങ്ങിക്കഴിഞ്ഞു.

ന്യൂനപക്ഷങ്ങൾ പ്രബലമായ കേരളത്തിലും തെരഞ്ഞെടുപ്പ്​ തന്ത്രമായി തങ്ങൾ പയറ്റിപ്പോരുന്ന ഹിന്ദുത്വ തീവ്രവാദത്തെ തന്നെ കൂട്ടുപിടിക്കാനാണ്​ കേന്ദ്രനേതൃത്വം നൽകിയിരിക്കുന്ന നിർദേശം. മ്യൂസിയം, 24 പുതിയ കെട്ടിട സമുച്ചയങ്ങൾ, മെഡിറ്റേഷൻ സെന്‍റർ തുടങ്ങി വൻ വികസന പദ്ധതിയാണ് കാശിയിൽ പൂർത്തിയാകുന്നത്. അതോടൊപ്പം തന്നെ മഥുര ശാഹി ഈദ്​ഗാഹ്​ മസ്​ജിദ്​ ശ്രീകൃഷ്​ണന്‍റെ ജന്മസ്​ഥലത്താണ്​ നിലനിൽക്കുന്നതെന്നും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്​. 

Tags:    
News Summary - PM Modi to inaugurate multi-crore Kashi Vishwanath corridor on December 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.