ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധിയെയും ഇന്ത്യൻ പൗരൻമാരെന്ന നിലയിൽ തുറന്ന സംവാദത്തിന് ക്ഷണിച്ച് മുൻ ജഡ്ജിമാരായ മദൻ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവർത്തകൻ എൻ. റാമും. നിരന്തരം ആരോപണങ്ങളും വെല്ലുവിളികളും മാത്രം കേൾക്കുന്നതിൽ പൊതുജനം അസ്വസ്ഥരാണെന്നും അവർക്ക് വസ്തുതകൾ അറിയാനുള്ള അവകാശമുണ്ടെന്നും മൂവരും ഇവർക്ക് അയച്ച കത്തിൽ വിശദമാക്കി.
''18ാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. റാലികളിലും പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും ബി.ജെ.പിയിലെയും കോൺഗ്രസിലെയും അംഗങ്ങൾ നമ്മുടെ ഭരണഘടനയുടെ കാതൽ സംബന്ധിച്ച സുപ്രധാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. സംവരണത്തിന്റെയും 370ാം അനുഛേദത്തിന്റെയും സമ്പത്ത് വിതരണം ചെയ്യുന്നതിന്റെയും കാര്യത്തിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. ഭരണഘടനയെ വികലമാക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതി, ചൈനയോടുള്ള പ്രതികരണം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ നിർത്തിപ്പൊരിക്കുകയാണ്. പൊതു സംവാദം വഴി നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് പറയാനുള്ളതിനെ കുറിച്ച് ജനങ്ങൾക്ക് ധാരണ ലഭിക്കും. അങ്ങനെ വന്നാൽ ചോദ്യങ്ങൾ മാത്രമല്ല, അവരുടെ പ്രതികരണങ്ങളെ കുറിച്ചും ജനങ്ങൾക്ക് അറിയാൻ സാധിക്കും. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഇതുപകരിക്കും. തീർത്തും പക്ഷപാതപരമല്ലാത്തയിടമായിരിക്കണം സംവാദത്തിനായി വേദി ഒരുക്കേണ്ടത്.''-എന്നാണ് കത്തിൽ പറയുന്നത്.
സംവാദത്തിന്റെ വേദി, സമയദൈർഘ്യം, മോഡറേറ്റർമാർ, ഫോർമാറ്റ് എന്നിവ പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കും യോജിച്ച വ്യവസ്ഥകളിലായിരിക്കണം. ഇരുവർക്കും സംവാദത്തിൽ പങ്കെടുക്കാൻ സമയമില്ലെങ്കിൽ പ്രതിനിധികളെ അയക്കാമെന്നും സംവാദത്തിന് ക്ഷണിച്ചവർ വ്യക്തമാക്കി.
സുപ്രീംകോടതി മുൻ ജഡ്ജിയാണ് മദൻ ബി. ലോകൂർ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസാണ് എ.പി. ഷാ. മുതിർന്ന മാധ്യമപ്രവർത്തകനും ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫുമായിരുന്നു എൻ. റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.