മോദിയുടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് സമിതിയെ നിയമിച്ച് സുപ്രീംകോടതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ചണ്ഡിഗഡ് ഡി.ജി.പി, എൻ.ഐ.എ ഐ.ജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ സമിതിയിൽ അംഗങ്ങളായിരിക്കും.

ഇതിന് പുറമെ പഞ്ചാബ് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും സമിതിയിലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് ബെഞ്ച് പരിഗണിച്ചത്. കേന്ദ്രവും സംസ്ഥാനവും വിഷയത്തിൽ സ്വന്തം നിലക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

സുരക്ഷ വീഴ്ച സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥ​ന്‍റെ നേതൃത്വത്തിലുള്ള സമിതി നടത്തുന്ന അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാറി​ന്‍റെ ആവശ്യവും കോടതി തള്ളി. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് മാത്രമേ അന്വേഷിക്കാന്‍ ആകൂ എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

എന്നാല്‍ കേന്ദ്രം നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പി ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണെന്നും പഞ്ചാബി​ന്‍റെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - PM Security Breach To Be Probed By Supreme Court-Appointed Panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.