ഗുജറാത്തിൽ മോദിയും അമിത് ഷായും വോട്ട് ചെയ്തു; രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

അഹ്മദാബാദ്: ഗുജറാത്തിലെ 93 മണ്ഡലങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അതിരാവിലെ തന്നെ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താൻ സഹകരിച്ചതിന് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയറിയിച്ചു. എല്ലാ പൗരൻമാരും മറക്കാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായും അഹ്മദാബാദിൽ രാവിലെ വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ ഒന്നിനായിരുന്നു.

93സീറ്റുകളിലേക്ക് നടക്കുന്ന ​രണ്ടാംഘട്ട വോട്ടെടുപ്പിൽ 833 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇതിൽ 16 എണ്ണം അഹ്മദാബാദിലെ നാഗരിക മണ്ഡലങ്ങളാണ്. ബി.ജെ.പിക്ക് നിർണായകമായ സീറ്റുകളാണിവ. മൂന്നു ദശകത്തോളമായി ബി.ജെ.പിയുടെ കൈയടക്കി വെച്ചിരിക്കുകയാണ്.

മുസ്‍ലിം ഭൂരിപക്ഷമുള്ള ജമൽപൂർ ഖഡിയയിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം കോൺഗ്രസിന് തലവേദനയുയർത്തുന്നുണ്ട്. എ.ഐ.എം.ഐ.എം സ്ഥാനാർഥി സാബിർ കബ്‍ലിവാലയാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ് മുൻ എം.എൽ.എ ആണിദ്ദേഹം. 93സീറ്റിലേക്കും എ.എ.പിയും ബി.ജെ.പിയും മത്സരിക്കുന്നുണ്ട്.

കോൺഗ്രസ് 90ഉം സഖ്യകക്ഷിയായ എൻ.സി. പി രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. വഡ്ഗാം മണ്ഡലത്തിൽ കോൺഗ്രസിന്റെ ടിക്കറ്റിൽ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും മത്സരിക്കുന്നുണ്ട്. രണ്ടാംഘട്ടത്തിൽ 2.51 കോടി ആളുകളാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതിൽ 5.96 ലക്ഷം വോട്ടർമാർ യുവാക്കളാണ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - PM Votes In Gujarat Round 2, Chief Minister Among Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.