ഹൈദരാബാദ്: ലത മങ്കേഷ്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ മഹാരാഷ്രടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പൂർണമായി അവഗണിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാതെ അദ്ദേഹം പോയത് 80 വയസ്സുള്ള പച്ചക്കറി വിൽപനക്കാരിയുടെ വീട്ടിലായിരുന്നു. ഉദ്ധവിന്റെ 'മാതോശ്രീ' വീടിനുമുന്നിൽ ഹനുമാൻ ചാലിസ ജപിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ സ്വതന്ത്ര ജനപ്രതിനിധികളായ നവ്നീത് റാണ, ഭർത്താവ് രവി റാണ എന്നിവരെ തടയാൻ മുന്നിൽനിന്ന ചന്ദ്രബാഗ ഷിണ്ഡെയുടെ അടുത്തേക്കായിരുന്നു ഭാര്യ രശ്മി, മകനും മന്ത്രിയുമായ ആദിത്യ, തേജസ്സ് എന്നിവർക്കൊപ്പം മുഖ്യമന്ത്രി എത്തിയത്. സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ പാടെ അവഗണിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി കൈക്കൊണ്ടത്.
സമാന സംഭവങ്ങൾ തെലങ്കാനയിലും ആവർത്തിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രി കെ.സി ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ അവഗണിക്കുന്നതായ പരാതി ബി.ജെ.പി ഉയർത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മകൻ കെ.ടി രാമറാവു. എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കെ.ടി രാമറാവു ബി.ജെ.പിക്കും മോദിക്കും എതിരെ ആഞ്ഞടിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന രാമാനുജാചാര്യയുടെ സമത്വ പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ തന്റെ പിതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ അസാന്നിധ്യം സംബന്ധിച്ചും മകൻ വെളിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനത്തിനായി ഹൈദരാബാദിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനും വ്യക്തിപരമായി ആതിഥ്യം വഹിക്കാനും റാവു എത്തിയിരുന്നില്ല. ഇത് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ മോദി ഭാരത് ബയോടെക് കൊവിഡ് വാക്‌സിൻ നിർമാണ കേന്ദ്രം സന്ദർശിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രി എത്തിയിരുന്നില്ല. രണ്ടിടത്തും മുഖ്യമന്ത്രി വരാൻ പാടില്ലെന്ന വ്യക്തമായ സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയിരുന്നു എന്നാണ് ഇത് സംബന്ധിച്ച് കെ. ടി രാമറാവു പറയുന്നത്. ഇത് സംസ്ഥാനത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
"പി.എം.ഒയുടെ ഭാഗത്തുനിന്നുള്ളത് പ്രോട്ടോക്കോൾ ലംഘനമല്ലേ. ഒരു പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അപമാനിക്കുന്നതല്ലേ? അത് അപമാനമല്ലേ?'' -അദ്ദേഹം ചോദിച്ചു.
ഗവർണർ ജില്ലകൾ സന്ദർശിക്കുമ്പോൾ പ്രോട്ടോക്കോളുകൾ പാലിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനും റാവു മറുപടി പറഞ്ഞു. "ഗവർണർ ഒരു ബി.ജെ.പി നേതാവിനെപ്പോലെയാണ് പെരുമാറുന്നത്. അവർ മന്ത്രിസഭ അംഗീകരിക്കാത്ത റിപ്പബ്ലിക് ദിന പ്രസംഗം വായിച്ചു. അവർ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നു''.
ഈ മാസം ആദ്യം ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഗോത്രോത്സവത്തിൽ പങ്കെടുക്കുകയും യാദാദ്രി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തിരുന്നുവെങ്കിലും പ്രോട്ടോക്കോൾ പ്രകാരം അവരെ സ്വീകരിക്കാൻ മന്ത്രിയോ എം.എൽ.എയോ ഉദ്യോഗസ്ഥരോ എത്തിയിരുന്നില്ല.
പ്രധാനമന്ത്രി മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ, തെലങ്കാന സർക്കാരിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും തനിക്ക് അപമാനം അനുഭവപ്പെട്ടതായി ഗവർണർ പരാതിപ്പെട്ടിരുന്നു. കൂടാതെ മുഖ്യമന്ത്രി തന്റെ ക്ഷണം പലതവണ നിരസിക്കുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്തുവെന്ന് ആരോപിച്ചിരുന്നു. തങ്ങൾ തെലങ്കാനയുടെ ഭരണകർത്താക്കൾ ആണെന്നും അത് അംഗീകരിക്കാനും ഞങ്ങളോട് മാന്യമായി പെരുമാറാനും അവർ വിസമ്മതിക്കുകയാണെന്നും അദ്ദേഹം എൻ.ഡി ടി.വിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.