മുംബൈ: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളിൽ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്സോ വകുപ്പെന്നും, പ്രായപൂർത്തിയാകാത്തവർക്ക് ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ളതാണെന്നും ബോംബെ ഹൈകോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ കഴിയുന്ന 22കാരന് ജാമ്യം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനുജ പ്രഭുദേശായിയുടെ വിധി.
'കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്സോ വകുപ്പ്. എന്നാൽ, പ്രായപൂർത്തിയാകാത്തവരുടെ, പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീർക്കാനുള്ളതല്ല' -കോടതി പറഞ്ഞു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ 2021ലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെൺകുട്ടി മൊഴിനൽകിയിരുന്നു.
കേസിൽ 2021 മുതൽ യുവാവ് ജയിലിൽ കഴിയുകയാണെന്നത് ജാമ്യം നൽകിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. കേസുകളുടെ ബാഹുല്യം കാരണം വിചാരണ അനന്തമായി വൈകുകയാണ്. യുവാവിനെ ഇനിയും ജയിലിൽ പാർപ്പിക്കുന്നത് അയാളെ കൊടുംകുറ്റവാളിയായി കാണുന്നതിന് തുല്യമാകുമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.