കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: സർക്കാർ അനാസ്ഥയെന്ന് നടൻ വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 29 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി നടനും തമിഴ്നാട് വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് എക്സിലൂടെ പ്രതികരിച്ചു. പാർട്ടിയുടെ ഒഫീഷ്യൽ അക്കൗണ്ടിലാണ് വിജയ് സർക്കാറിനെ വിമർശിച്ചത്. 

"കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25-ലധികം പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയിൽ കഴിയുന്നവരും വേഗത്തിൽ സുഖം പ്രാപിക്കാൻ  പ്രാർഥിക്കുന്നു.

കഴിഞ്ഞ വർഷവും ഇതുപോലൊരു സംഭവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സർക്കാർ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണം." - തമിഴ്നാട് വെട്രി കഴകം അധ്യക്ഷൻ എക്സിൽ കുറിച്ചു.

ബുധനാഴ്ച കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛർദ്ദി, വയറുവേദന, കണ്ണുകളിൽ പ്രശ്നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജ മദ്യം വിറ്റ ഗോവിന്ദ്‍രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 200 ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയിൽ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 74 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.

കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ അതിലും ഉടൻ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.

Tags:    
News Summary - Poisonous liquor disaster: Actor Vijay says the government is negligent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.