ശ്രീനഗർ: സ്വതന്ത്ര കശ്മീർ എന്ന ആശയം യാഥാർഥ്യമല്ലെന്ന് നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘ജമ്മു-കശ്മീരിന് ചുറ്റും ആണവശക്തികളായ ഇന്ത്യയും ചൈനയും പാകിസ്താനുമാണ്. ഇവരുടെ കൈകളിൽ അണുബോംബാണെങ്കിൽ ഞങ്ങൾക്ക് ദൈവമല്ലാതെ മറ്റാരുമില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര കശ്മീർ യാഥാർഥ്യമല്ല.’ -ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ തെറ്റായ പാതയിലാണ്. ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നതുപോലെ പാക് അധിനിവേശ കശ്മീർ പാകിസ്താെൻറ ഭാഗമാണെന്നും എത്ര പോരടിച്ചാലും ഇൗ അവസ്ഥക്ക് മാറ്റമുണ്ടാവില്ലെന്നും ശ്രീനഗർ എം.പിയായ അദ്ദേഹം പറഞ്ഞു. സർക്കാർ സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രികൂടിയായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഇരുരാജ്യങ്ങളും ജമ്മു-കശ്മീർ ജനതയുമായി സംസാരിക്കണം.
കശ്മീരിനോട് കേന്ദ്രസർക്കാർ പുലർത്തുന്ന വഞ്ചനാപരമായ നിലപാടിനെ അദ്ദേഹം വിമർശിച്ചു. കശ്മീരിനെ സർക്കാർ ഒറ്റുകൊടുക്കുകയാണ്. ഇന്ത്യയോടൊപ്പം ചേരാനെടുത്ത തീരുമാനത്തിനുപുറകിലെ സ്നേഹം അവർ തിരിച്ചറിയുന്നില്ല. ഇതാണ് ഇപ്പോൾ താഴ്വരയിലെ പ്രശ്നങ്ങൾക്ക് കാരണം. ‘‘ആഭ്യന്തര സ്വയംഭരണാധികാരം ഞങ്ങളുടെ അവകാശമാണ്. ഇന്ത്യ അത് പുനഃസ്ഥാപിക്കണം. എങ്കിലേ സമാധാനം തിരിച്ചുവരൂ’’ -അദ്ദേഹം പറഞ്ഞു.
മധ്യസ്ഥരുടെ ചർച്ചകൊണ്ടുമാത്രം പരിഹാരമാകില്ലെന്ന് കേന്ദ്ര സർക്കാറിെൻറ മധ്യസ്ഥശ്രമങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നമാകയാൽ കേന്ദ്ര സർക്കാർ പാകിസ്താനുമായാണ് ചർച്ച നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ ചുമതല വഹിക്കുന്ന സഹമന്ത്രി ജിതേന്ദ്ര സിങ് രംഗത്തുവന്നു. 40 വർഷം മുമ്പ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വയം ഭരണത്തെക്കുറിച്ച് മിണ്ടിയിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇൗ ആവശ്യമുന്നയിക്കുന്നത് വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രമാണ്. ജമ്മു-കശ്മീരിലെ യുവാക്കൾക്ക് ഇത് തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.